മുംബൈ : രാഷ്ട്രീയ എതിരാളികളെ ഉന്മൂലനംചെയ്യാൻ ഇ.ഡി., സി.ബി.ഐ., ആദായനികുതി തുടങ്ങിയവയ്ക്ക്‌ കേന്ദ്രസർക്കാർ കരാർ നൽകിയിരിക്കുകയാണെന്ന്‌ ശിവസേനാ നേതാവ്‌ സഞ്ജയ്‌ റാവുത്തിന്റെ വിമർശനം. വാടകക്കൊലയെന്ന്‌ നാം കേട്ടിട്ടുണ്ട്‌. എന്നാൽ സർക്കാർ കൊലതന്നെയാണ്‌ മഹാരാഷ്ട്രയിൽ നടക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിൽ സർക്കാരിന്‌ നേതൃത്വംനൽകുന്ന മഹാവികാസ്‌ അഘാഡി സഖ്യത്തിന്റെ നേതാക്കൾക്കെതിരേ തുടർച്ചയായി കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്‌ഡ്‌ നടത്തിവരികയാണ്‌. മഹാരാഷ്ട്രയിൽ നടക്കുന്ന ഈ റെയ്‌ഡുകൾക്ക്‌ എന്തെങ്കിലും ന്യായീകരണം ഉണ്ടോയെന്ന്‌ സാമ്‌നയിലെ പ്രതിവാരകോളത്തിൽ സഞ്ജയ്‌ റാവുത്ത്‌ ചോദിക്കുന്നു.

ജനങ്ങളുടെ പണം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന സർക്കാരിന്റെ സംവിധാനത്തെ ഉപയോഗിച്ച്‌ കേന്ദ്രം ഭരിക്കുന്ന പാർട്ടി അവരുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കൻ ശ്രമിക്കുന്ന കാഴ്ചയാണ്‌ മഹാരാഷ്ട്രയിൽ തുടർച്ചയായി കണ്ടുവരുന്നത്‌. അധോലോകം ഹിറ്റ്‌മാൻമാരെ ഉപയോഗിച്ച്‌ എതിരാളികളെ ഉന്മൂലനംചെയ്യുന്നത്‌ കണ്ടുവരുന്നുണ്ട്‌. അതുപോലെയുള്ള ഒരു വകവരുത്തലാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും റാവുത്ത്‌ വിമർശിച്ചു.

എവിടെയാണെന്ന്‌ ഒരുപിടിയും കിട്ടാത്ത മുൻ സിറ്റി പോലീസ്‌ കമ്മിഷണർ പരംബീർ സിങ്ങിനെ അന്വേഷിച്ചു കണ്ടുപിടിക്കാൻ ശ്രമിക്കാതെ മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന്റെ വീട്ടിൽ തുടർച്ചയായി റെഡ്‌ഡ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌ കേന്ദ്രഏജൻസിയെന്നും റാവുത്ത്‌ കുറ്റപ്പെടുത്തി. ഇത്ര സുതാര്യമായിട്ടാണ്‌ കേന്ദ്രഭരണം നടത്തുന്നതെങ്കിൽ എന്തുകൊണ്ടാണ്‌ പി.എം. കെയർഫണ്ടിന്റെ വിവരങ്ങൾ വെളിപ്പെടുത്താതെന്നും റാവുത്ത്‌ പ്രതിവാര പംക്തിയിൽ ആരായുന്നു.