മുംബൈ : കോവിഡെന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിൽ വന്ന ടൗട്ടെ മുംബൈ നഗരത്തിന് ഇരട്ടപ്രഹരമായി. ശക്തിയായ കാറ്റും മഴയും നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വലിയ നാശം വിതച്ചു. പുലർച്ചെ നാലു മണിയോടെ തുടങ്ങിയ മഴ ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്. രാത്രി വൈകുവോളം ഇതേരീതിയിൽ നീണ്ടുനിന്നു. കനത്തമഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽതന്നെ ജനങ്ങൾ കാര്യമായി പുറത്തിറങ്ങിയില്ല. കാലത്ത് ചില ഓഫീസുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും ഉച്ചയോടെതന്നെ ടൗട്ടെയുടെ രൗദ്രഭാവം കണ്ട് പൂട്ടി. എന്നാൽ ലോക്കൽ ട്രെയിൻ അടക്കം വാഹനങ്ങൾ വഴിയിൽ കുടുങ്ങിയതിനെത്തുടർന്ന് മണിക്കൂറുകൾക്കുശേഷമാണ് പലർക്കും വീടണയാൻ കഴിഞ്ഞത്.

കാലത്ത് എട്ടര മുതൽ വൈകീട്ട് നാലര വരെയുള്ള കണക്ക് പ്രകാരം കൊളാബയിൽ 184 മില്ലിമീറ്ററും സാന്താക്രൂസിൽ 186 മില്ലിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. പലയിടത്തും റോഡുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. മലാഡ് സബ് വേ, അന്ധേരി, കാന്തിവ്‌ലി, ദഹിസർ, സാന്താക്രൂസ്, ഗാന്ധി മാർക്കറ്റ്, പരേൽ, മാട്ടുംഗ, ഹിന്ദ്മാതാ തുടങ്ങി പലയിടത്തും വെള്ളം കെട്ടിക്കിടന്നതോടെ റോഡ് ഗതാഗതം താറുമാറായി. കനത്ത കാറ്റിനെത്തുടർന്ന് നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണും റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നിരവധി ബെസ്റ്റ് ബസുകളും വഴിയിലായി.

ബാന്ദ്രാ-വർളി കടൽപ്പാലം അടച്ചതിനെത്തുടർന്ന് ഇതുവഴി പോകേണ്ടിയിരുന്ന വാഹനങ്ങൾക്ക് മറ്റ് വഴി തേടേണ്ടിവന്നു. കാറ്റിന്റെ ശക്തി വർധിച്ചതോടെ പലരും വാഹനം വഴിയിൽ നിർത്തിയിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിനിന്നു. മരങ്ങൾ മുറിഞ്ഞുവീണ് നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. പല കെട്ടിടങ്ങൾക്കും മുകളിൽ കെട്ടിയുയർത്തിയ താത്‌കാലിക മേൽക്കൂര കാറ്റിൽ തകർന്നു പാറി നടന്നു. മണിക്കൂറിൽ 114 കിലോമീറ്റർ വേഗതയിൽവരെ കാറ്റടിച്ചു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന വിവരം. സി.എസ്.ടി. റെയിൽവേ സ്റ്റേഷനിലെ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റുകളിൽ ചിലതും പറന്നുപോയി. പിന്നീട് അധികാരികൾ അടച്ചു.

വിമാനത്താവളം ഉച്ചയ്ക്ക് രണ്ട് മണിവരെ അടച്ചിടുന്നു എന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും പിന്നീട് അത് രണ്ട് മണിക്കൂർവീതം നീട്ടിക്കൊണ്ടിരുന്നു. വൈകീട്ട് ആറുവരെ ഇവിടെയെത്തേണ്ട 34 വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ട 22 വിമാനങ്ങളും റദ്ദാക്കി. മുംബൈയ്ക്ക് വന്ന ഇൻഡിഗോ, ഗോ എയർ വിമാനങ്ങൾ ഹൈദരാബാദിലേക്കും മറ്റും വഴിമാറ്റി വിട്ടു. ഡോംബിവ്‌ലി-കല്യാൺ റോഡിൽ മുംബ്രയ്ക്ക് സമീപം ഒരു വലിയ പരസ്യബോർഡ് ടെമ്പോയ്ക്കു മേൽ തകർന്നുവീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഡോംബിവ്‌ലി റെയിൽവേ സ്റ്റേഷനുസമീപം ഒരു വലിയമരം പാളത്തിലേക്ക് വീണതിനെത്തുടർന്ന് ഇതിലൂടെ കടന്നുപോകേണ്ട ദീർഘദൂര തീവണ്ടികളുടെ യാത്ര തടസ്സപ്പെട്ടു. എന്നാൽ ലോക്കൽ ട്രെയിൻ ഗതാഗതത്തിന് തടസ്സമുണ്ടായില്ല.

ആറ് പേർ മരിച്ചു

കൊങ്കൺ, നവി മുംബൈ, താനെ ജില്ലകളിലായി വിവിധ സംഭവങ്ങളിൽ ആറ് പേരാണ് മരിച്ചത്. റായ്ഗഢ്‌ ജില്ലയിൽ മൂന്നുപേർ മരിച്ചപ്പോൾ ഓരോരുത്തർ വീതം നവി മുംബൈ, ഉല്ലാസ് നഗർ, സിന്ധുദുർഗ് എന്നിവിടങ്ങളിൽ മരിച്ചു. നവി മുംബൈയിലും ഉല്ലാസ് നഗറിലും മരം വീണാണ് രണ്ട് പേരും മരിച്ചത്. സിന്ധുദുർഗിൽ കടലിൽ പോയ ഒരാളും.

12,500 പേരെ മാറ്റിപ്പാർപ്പിച്ചു

മുംബൈയുടെയും പാൽഘർ ജില്ലയുടെയും തീര പ്രദേശങ്ങളിൽ നിന്നും 12,420 പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ അധികാരികൾ അറിയിച്ചു. വിവിധ സ്കൂളുകളിലും മറ്റുമായാണ് ഇവർക്ക് സൗകര്യമൊരുക്കിയത്. തീരപ്രദേശങ്ങളിലെ നല്ലൊരു ശതമാനം വീടുകളും തകർന്നിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി ആദിത്യ താക്കറെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ സന്ദർശിച്ച് അധികാരികളുമായി ചർച്ച നടത്തി.

മുംബൈ ട്രാഫിക് പോലീസിന്റെ 39 സംഘങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നിലയുറപ്പിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്നു സംഘവും പശ്ചിമ മേഖലയിലാണ് ഉണ്ടായിരുന്നത്. ഇതുകൂടാതെ അഗ്നിശമന സേനയുടെ ആറ് സംഘങ്ങൾ നഗരത്തിലെ ആറ് ബീച്ചുകളിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാൽ പെട്ടെന്ന് നടപടികൾ സ്വീകരിക്കാൻ കരസേനയും വ്യോമസേനയും തങ്ങളുടെ സംഘങ്ങളോടൊപ്പം തയ്യാറായിനിന്നു.

രാത്രി 11 മണിക്കുശേഷം ടൗട്ടെ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ അതിർത്തി കടന്നു. ഇത് ഗുജറാത്തിൽ കൂടുതൽ നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് വിവിധ സേനകൾ തയ്യാറായി നിൽക്കുന്നത്.