നവിമുംബൈ : കോർപ്പറേഷൻ പരിധിയിലുള്ള പാർപ്പിടസമുച്ചയങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനുള്ള മാർഗരേഖ പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ പുറപ്പെടുവിച്ചു. വാക്സിൻ വാങ്ങാനും പാർപ്പിടസമുച്ചയങ്ങൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നടത്തുന്ന സ്വകാര്യ ആശുപത്രികളുടെ പട്ടിക കോർപ്പറേഷൻ തയാറാക്കിയിട്ടുണ്ട്. കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വാക്സിനേറ്റർ, വാക്സിനേഷൻ ഓഫീസർ എന്നിവർക്കു പുറമെ ഒരു ഡോക്ടറും ഉണ്ടാകണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി.

വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടും ഉദ്ദേശിച്ചരീതിയിൽ കുത്തിവെപ്പ് മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് പാർപ്പിടസമുച്ചയങ്ങൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നടത്താൻ സ്വകാര്യ ആശുപത്രികൾക്ക് അനുമതിനൽകാൻ തീരുമാനിച്ചത്. ഇതുവരെ 45 വയസ്സിന്‌ മുകളിൽ പ്രായമുള്ളവർക്ക്‌ കുത്തിവെപ്പ് നൽകുന്നതിലാണ് കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ‘18-നും 45-നുമിടയിൽ പ്രായമുള്ള വലിയൊരു ജനവിഭാഗമുണ്ട്. കോവിഡ് മൂന്നാം തരംഗമുണ്ടായാൽ ഈ വിഭാഗത്തെ പ്രതികൂലമായി ബാധിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആൾക്കാർക്ക് കുത്തിവെപ്പ് നൽകാൻ പാർപ്പിട സമുച്ചയങ്ങൾ കേന്ദ്രീകരിച്ചുള്ള കുത്തിവെപ്പ് കൊണ്ട് സാധിക്കും.’ - കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.