മുംബൈ : ബി.എം.സിയുടെ സഞ്ചരിക്കുന്ന വാക്സിൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ബെസ്റ്റിന്റെ മിനി ബസാണ്‌ വാക്സിൻ വിതരണത്തിനായി മാറ്റിയിരിക്കുന്നത്‌. ബി.എം.സി.യുടെ കെ. വെസ്റ്റ്‌ വാർഡാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ ഓൺ വീൽസ്‌ നടപ്പാക്കിയിരിക്കുന്നത്‌. നേരത്തേ ഈ ബസ്‌ കോവിഡ്‌ ബാധിതരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക്‌ മാറ്റാൻ ഉപയോഗിച്ചിരുന്നു.

കോവിഡ്‌ രോഗികൾ കുറഞ്ഞതോടെ പുതിയ ദൗത്യമേറ്റെടുത്തിരിക്കുകയാണ്‌. ഡോക്ടർമാരും ജീവനക്കാരും വാക്സിനുമായി അന്ധേരിയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നു. കോവിഷീൽഡും കോവാക്സിനും ഇതിൽ ലഭ്യമാണ്‌. ആദ്യദിനം 145 പേർക്ക്‌ വാക്സിൻ നൽകിയതായി അധികൃതർ വ്യക്തമാക്കി. ജുഹു ബീച്ച്‌, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസത്തെ വാക്സിൻ വിതരണം. താമസിയാതെ ഹൗസിങ്‌ സൊസൈറ്റികളിലും വാക്സിൻ ബസ്‌ എത്തുമെന്ന്‌ ബി.എം.സി. അറിയിച്ചു.