പുണെ : ബി.ജെ.പി.യിൽനിന്ന് രാജിവെച്ച മുൻമന്ത്രി ഏക്നാഥ് ഖഡ്സെയുടെ ഭാര്യ മന്ദാകിനിയെ അറസ്റ്റുചെയ്യാനുള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീക്കത്തിന് തിരിച്ചടി. കള്ളപ്പണക്കേസിൽ ഡിസംബർ ഏഴുവരെ അറസ്റ്റിൽനിന്ന് മുംബൈ ഹൈക്കോടതി അവർക്ക് സംരക്ഷണം നൽകി. അഞ്ചുവർഷം മുൻപ് പുണെയിലെ മഹാരാഷ്ട്ര ഇൻഡസ്ടിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ 23 കോടി രൂപ വിലമതിക്കുന്ന സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്. മന്ദാകിനിയുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതി നിർദേശം നൽകി.

ബി.ജെ.പി. സർക്കാരിൽ റവന്യൂ മന്ത്രി ആയിരുന്ന ഏക്നാഥ് ഖഡ്സെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്ഥലം തുച്ഛവിലയ്ക്ക് ഭാര്യയുടെയും മരുമകന്റെയും പേരിൽ സ്വന്തമാക്കിയെന്ന പരാതിയിലാണ് ഇ.ഡി. കേസെടുത്തത്. ഖഡ്സെയ്ക്ക് പുറമേ അദ്ദേഹത്തിന്റെ ഭാര്യ മന്ദാകിനി, മകളുടെ ഭർത്താവ് ഗിരീഷ് ചൗധരി എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ ഗിരീഷ് ചൗധരിയെ ഇ.ഡി. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ബി.ജെ.പി.യിൽനിന്ന് രാജിവെച്ച്‌ എൻ.സി.പി.യിൽ ചേർന്നതിനെത്തുടർന്ന് ഇ.ഡി. അടക്കമുള്ള കേന്ദ്ര എജൻസികളെ ദുരുപയോഗപ്പെടുത്തി ബി.ജെ.പി. വേട്ടയാടുന്നുവെന്ന് ഖഡ്‌സെ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.