മുംബൈ : കുട്ടികളുടെയിടയിൽ കോവിഡ്‌ പ്രതിരോധ വാക്സിൻ പരീക്ഷണത്തിന്‌ സന്നദ്ധരായി എത്തുന്നവർ കുറവ്‌.

ആറ്‌ കുട്ടികൾ മാത്രമാണ്‌ ഇതുവരെ വാക്സിൻ പരീക്ഷണത്തിന്‌ സന്നദ്ധരായി എത്തിയിട്ടുള്ളത്‌. കോവോവാക്സ്‌ എന്ന പീഡിയാട്രിക്‌ വാക്സിന്റെ ക്ലിനിക്കൽ ട്രയലാണ്‌ ബി.എം.സിയുടെ കീഴിലുള്ള നായർ ആശുപത്രിയിൽ നടക്കുന്നത്‌. 914 കുട്ടികളെക്കൂടി ഇനി ആവശ്യമുണ്ടെന്ന്‌ അധികൃതർ അറിയിച്ചു.

രണ്ടു വയസ്സ്‌ മുതൽ ഏഴ്‌ വയസ്സ്‌, എട്ടു വയസ്സ്‌ മുതൽ 11 വയസ്സ്‌, 12 മുതൽ 17 വയസ്സ്‌ എന്നിങ്ങനെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ തരംതിരിച്ചാണ്‌ പരീക്ഷണം നടത്താൻ നിശ്ചയിച്ചത്‌.

നേരത്തേ സൈഡസ്‌ കാഡില എന്ന മരുന്നുകമ്പനിയുടെ വാക്സിൻ പരീക്ഷണത്തിനും കുട്ടികൾ സന്നദ്ധരായി എത്തിയില്ല. ഇതിന്റെ ക്ലിനിക്കൽ ട്രയലും നായർ ആശുപത്രിയിലായിരുന്നു സംഘടിപ്പിച്ചത്‌.

25 കുട്ടികളെ ആവശ്യമുണ്ടായിരുന്നിടത്ത്‌ സന്നദ്ധരായി എത്തിയത്‌ 12 കുട്ടികൾ മാത്രമായിരുന്നു. കോവോവാക്സ്‌ എന്ന വാക്സിൻ ഉത്‌പാദിപ്പിക്കുന്നത്‌ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്‌. 21 ദിവസത്തെ ഇടവേളയിൽ രണ്ട്‌ ഡോസ്‌ വാക്സിനാണ്‌ കുട്ടികൾക്ക് നൽകുന്നത്‌.

വാക്സിൻ പരീക്ഷണത്തിന്‌ കുട്ടികൾ സന്നദ്ധരായി എത്തുന്നുവെങ്കിലും കോവിഡ്‌ ആന്റിബോഡി ഉള്ളവരെ തിരിച്ചയ്ക്കുകയാണെന്നാണ്‌ നായർ ആശുപത്രിയധികൃതരുടെ വിശദീകരണം.