മുംബൈ: നടി ശില്പാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് പ്രശസ്ത മോഡൽ ഷെർലിൻ ചോപ്ര മുംബൈ പോലീസിൽ പരാതി നൽകി. രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്പാ ഷെട്ടി മാനസിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും പരാതിയിൽ ആരോപിച്ചു.

നീലച്ചിത്രക്കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് വ്യവസായിയായ രാജ് കുന്ദ്രയ്ക്കെതിരേ ലൈംഗിക പീഡനക്കേസ് വരുന്നത്. മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഷെർലിൻ ചോപ്ര കഴിഞ്ഞ ദിവസം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. പരാതിയുടെ വിശദാംശങ്ങൾ ചോപ്ര ശനിയാഴ്ച വെളിപ്പെടുത്തി.

2019 മാർച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര തന്റെ വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഷെർലിൻ പറയുന്നു. ഈ വർഷം ഏപ്രിലിൽ പോലീസിൽ പരാതി നൽകിയെങ്കിലും രാജ് കുന്ദ്രയുടെ ഭീഷണിയെത്തുടർന്ന് പിൻവലിക്കുകയായിരുന്നുവെന്നും പരാതിയിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു.

ഭർത്താവിന്റെ തട്ടിപ്പിൽ കൂട്ടു ചേരുകയും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ശില്പാ ഷെട്ടിക്കെതിരേ ഉന്നയിച്ചത്. ഇരുവർക്കുെമതിരായ ആരോപണങ്ങൾ വിശദീകരിക്കാൻ പത്രസമ്മേളനം വിളിക്കുമെന്ന് ഷെർലിൻ ചോപ്ര അറിയിച്ചിരുന്നു. എന്നാൽ, അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് രാജ്‌കുന്ദ്രയും ശില്പാ ഷെട്ടിയും മുന്നറിയിപ്പു നൽകി. പരസ്യ പ്രസ്താവനയിലൂടെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചാൽ ഷെർലിൻ ചോപ്ര മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകൻ പറഞ്ഞു.

രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസിൽ മുംബൈ പോലീസ് ഷെർലിൻ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരംഭത്തിനുവേണ്ടി ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര ആവശ്യപ്പെട്ടിരുന്നതായി ഷെർലിൻ ചോപ്രയുടെ മൊഴിയിൽ പറയുന്നുണ്ട്.

എരിവുള്ള ഉള്ളടക്കമാണ് ഉദ്ദേശിക്കുന്നതെന്നും ഒന്നും വകവെക്കാതെ അഭിനയിക്കണമെന്നുമായിരുന്നു നിർദേശം. ഇതിലും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ധാരണയിലെത്താൻ കഴിയാത്തതിനാൽ കുന്ദ്രയുടെ സംരംഭത്തിനുവേണ്ടി അഭിനയിച്ചിട്ടില്ലെന്നാണ് ഷെർലിൻ മൊഴി നൽകിയത്. ഈ കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് രണ്ടു മാസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം കിട്ടിയത്.

ഫെബ്രുവരിയിൽ നടി ഗഹന വസിഷ്ഠ് ഉൾപ്പെടെ ഒമ്പതുപേരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തതോടെയാണ് നീലച്ചിത്ര നിർമാണ റാക്കറ്റിന്റെ വിവരം പുറത്തറിയുന്നത്. ഗഹനയ്ക്കും മറ്റുമെതിരേ നേരത്തേ തന്നെ കുറ്റപത്രം സമർപ്പിച്ച പോലീസ് കുന്ദ്രയടക്കം നാലു പേർക്കെതിരേ കഴിഞ്ഞ മാസമാണ് അനുബന്ധ കുറ്റപത്രം നൽകിയത്.