കല്യാൺ : കല്യാൺ-ഡോംബിവിലിയിൽ കഴിഞ്ഞ ഒമ്പതുമാസത്തിനിടയിൽ സ്ത്രീകൾക്കുനേരെ 260 കുറ്റകൃത്യങ്ങൾ നടന്നു. ഇതിൽ 252 കുറ്റകൃത്യങ്ങൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞതായി പോലീസ് അവകാശപ്പെട്ടു.

താനെ പോലീസ് കമ്മിഷണറേറ്റിന്റെ അധികാരപരിധിയിലുള്ള സോൺ മൂന്നിലെ കല്യാൺ-ഡോംബിവിലി നഗരസഭാ മേഖലയിൽ കൊൽസേവാഡി, മഹാത്മാ ഫുലെ, ബസാർപേട്ട്, ഖഡക്പാഡ, മാൻപാഡ, തിലക് നഗർ, രാംനഗർ, വിഷ്ണുനഗർ എന്നിങ്ങനെ എട്ട് പോലീസ് സ്റ്റേഷനുകളുണ്ട്. ഇവിടങ്ങളിൽ കഴിഞ്ഞ ഒമ്പതുമാസത്തിനിടയിൽ സ്ത്രീകൾക്കുനേരെ നടന്ന 260 കുറ്റകൃത്യങ്ങളിൽ 67 എണ്ണം ബലാത്സംഗക്കേസുകളാണ്. ശാരീരികവും മാനസികവുമായ 85 പീഡനക്കേസുകളും ആത്മഹത്യപ്രേരണയുമായി ബന്ധപ്പെട്ട എട്ടുകേസുകളും നൂറ് മാനഭംഗക്കേസുകളുമാണുള്ളത്. ഏറ്റവുംകൂടുതൽ കേസുകൾ ഡോംബിവിലി മാൻപാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇവിടെ 11 ബലാത്സംഗക്കേസുകളും 13 പോക്സോ കേസുകളും ഒമ്പത് മാനഭംഗക്കേസുകളും രജിസ്റ്റർചെയ്തിട്ടുണ്ട്. പല കേസുകളും കോവിഡ് ലോക്ഡൗൺ കാലത്താണ് നടന്നിട്ടുള്ളത്.

കഴിഞ്ഞമാസം ഡോംബിവിലിയിലാണ് അശ്ലീല വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒമ്പത് മാസമായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഈ സംഭവത്തിൽ കൗമാരപ്രായക്കാരായ രണ്ടുപേരടക്കം 33 പേരെ വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.