മുംബൈ : കോവിഡ് വ്യാപനത്തിനിടയിൽ പണ്ഡർപുരിലെ വോട്ടർമാർ ശനിയാഴ്ച ബൂത്തിലേക്ക്. എൻ.സി.പി.യുടെ എം.എൽ.എ. ഭഗീരഥ് ബാൽക്കെ മരിച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് പ്രമാണിച്ച് ഇവിടെ കർഫ്യൂവിൽ ഇളവുവരുത്തിയിട്ടുണ്ട്. ആറുമാസംമുമ്പ് ഭഗീരഥ് ബാൽക്കെയുടെ മരണം കോവിഡിനെത്തുടർന്നായിരുന്നു. മകൻ ഭരത് ബാൽക്കയെ രംഗത്തിറക്കി മണ്ഡലം നിലനിർത്താൻ എൻ.സി.പി. ശ്രമിക്കുമ്പോൾ ബി.ജെ.പി. കഴിഞ്ഞതവണ സ്വതന്ത്രനായി മത്സരിച്ച് ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ച സമദാൻ ഒൗതുഡെയെ സ്ഥാനാർഥിയായി കളത്തിലിറക്കിയിരിക്കുന്നു.

മഹാവികാസ് അഘാഡി സർക്കാർ അധികാരത്തിലേറിയതിനുശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് എന്ന സവിശേഷതയും ഇതിനുണ്ട്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, സുപ്രിയസുലെ എം.പി., പി.സി.സി. അധ്യക്ഷൻ നാനാ പട്ടോളെ എന്നിവർ ഭരത് ബാൽക്കെയുടെ പ്രചാരണത്തിനെത്തിയപ്പോൾ പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നവിസ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ എന്നിവർ ഒൗതുഡെയുടെ പ്രചാരണത്തിന് നേതൃത്വം നൽകി.

മൊത്തം 19 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മേയ് രണ്ടിന് വോട്ടെണ്ണൽ നടക്കും.

ഭഗീരഥ് ബാൽക്കെ മൂന്നുതവണ ഇവിടെനിന്ന്‌ വിജയിച്ചിരുന്നു. എൻ.സി.പി.ക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അൗതുഡെ ഇവിടെ സ്വതന്ത്രനായി മത്സരിച്ച് മൂന്നാമത് എത്തിയിരുന്നു. അദ്ദേഹത്തിന് 54,124 വോട്ടുകൾ ലഭിച്ചിരുന്നു. രണ്ടാമതെത്തിയ ശിവസേനാ സ്ഥാനാർഥി 40,910 വോട്ടുകൾ പിടിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പിൽ ശിവസേനയിൽനിന്നുള്ള െൈശല ഗോഡ്‌സെ വിമത സ്ഥാനാർഥിയായി രംഗത്തുണ്ട്.

എന്നാൽ, ഇവിടെനിന്നുള്ള മുതിർന്ന ബി.ജെ.പി. നേതാവ് കല്യാൺകാലെ എൻ.സി.പി.യിൽ ചേർന്നത് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.

അതേസമയം, അഞ്ചുതവണ ഇവിടെനിന്ന്‌ വിജയിച്ചിട്ടുള്ള സുധാകർ പരിചാരകിന്റെ പിന്തുണ ഉറപ്പിച്ചായിരുന്നു ഒൗതുഡെയുടെ പ്രചാരണം.

ഇത്തവണ അനന്തരവൻ പ്രശാന്ത് പരിചാരകിന് സീറ്റ് ലഭിക്കാൻവേണ്ടി സുധാകർ ശക്തമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ബി.ജെ.പി. നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.

സഹതാപതരംഗം അനുകൂലമാകുമെന്ന് ഭരണപക്ഷം വിലയിരുത്തുമ്പോൾ തുടർച്ചയായി ഉയർന്നുവന്ന

അഴിമതിയാരോപണങ്ങൾ എടുത്തുകാട്ടിയായിരുന്നു ബി.ജെ.പി.യുടെ പ്രചാരണം.