മുംബൈ : നാന്ദേഡിൽ കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. ഇവരുടെ മൂന്ന് വയസ്സായ മകനെയും മരിച്ചനിലയിൽ കണ്ടെത്തി.

തെലങ്കാനയിൽനിന്നുള്ള തൊഴിലാളിയായ 40-കാരൻ നാന്ദേഡിൽ തൊഴിൽ അന്വേഷിച്ചെത്തിയതാണ്. നാന്ദേഡിൽ എത്തുന്നതിനിടയിലാണ് കോവിഡ് രോഗബാധിതനായത്. ചികിത്സയിലായിരുന്ന 40-കാരൻ ഏപ്രിൽ 13-ന് സർക്കാർ ആശുപത്രിയിൽ മരിച്ചു.

അടുത്തിടെ ജോലികൾ ഇല്ലാത്തതിനാൽ ഇവർ ജോലിക്കായി നാട്ടിൽ അലഞ്ഞുതിരിയുകയായിരുന്നു. തുടർന്നാണ് ഭർത്താവിന് കോവിഡ് ബാധിച്ചത്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് മാനസിക വിഷമത്തിലായിരുന്ന ഭാര്യ ബുധനാഴ്ച ലോഹയിലെ തടാകത്തിൽ മുങ്ങി മരിക്കുകയായിരുന്നു.

മൂന്നു വയസ്സായ മകന്റെ മൃതദേഹവും തടാകത്തിൽനിന്നാണ് കണ്ടെത്തിയത്. ദമ്പതിമാർക്ക്‌ മൂന്നു മക്കളാണുള്ളത്. അമ്മയെ പിന്തുടർന്നെത്തിയ കുഞ്ഞ് വെള്ളത്തിൽ വീണുമരിക്കുകയായിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം.