മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. വെള്ളിയാഴ്ച 63,729 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ ഇത് റെക്കോഡ് ആണ്. ഇത് നാലാംതവണയാണ് ഒരു ദിവസത്തെ രോഗികളുടെ എണ്ണം 60,000 കടക്കുന്നത്. 63,000 കടക്കുന്നത് രണ്ടാംതവണയും. വ്യാഴാഴ്ച 61,965 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 398 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഏകദേശം ആറ് മാസങ്ങൾക്ക് ശേഷമാണ് ഒരുദിവസം ഇത്രയുംപേർ മരിക്കുന്നത്. ഇതോടെ ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 37 ലക്ഷം കടന്നു. മരണസംഖ്യയാകട്ടെ 59,551 ആയി. 45,335 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവർ 30 ലക്ഷംകടന്നു. നിലവിൽ ചികിത്സയിലുള്ളവരാകട്ടെ 6.38 ലക്ഷമായി ഉയർന്നിട്ടുണ്ട്.

മുംബൈയിൽ 8,839 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 9,033 പേർ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 53 പേരാണ്. ഇതോടെ നഗരത്തിൽ ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 5.61 ലക്ഷമായി. രോഗമുക്തി നേടിയത് 4.63 ലക്ഷമാണ്. മരണ സംഖ്യ 12,242-ലേക്കുയർന്നിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവർ 85,226 പേരാണ്.