മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ പരിഹസിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. ലോക് ഡൗൺ നിയമങ്ങൾ വേണ്ടവിധം പാലിക്കപ്പെടുന്നില്ലെന്ന വിമർശനമായിരുന്നു കങ്കണ ട്വീറ്റിലൂടെ പങ്കുവെച്ചത്.

എല്ലാവശവും തുറന്നുകിടക്കുന്ന ഒരു ഷെഡ്ഡിന്റെ മുൻവാതിൽ അടച്ചുഭദ്രമാക്കിയിട്ടിരിക്കുന്ന ചിത്രമായിരുന്നു കങ്കണ പങ്കുവെച്ചത്. നേരത്തെയും മഹാരാഷ്ട്രയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന വാർത്ത വന്നതിന് പിന്നാലെ സർക്കാരിനെതിരേ വിമർശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു ‘മഹാരാഷ്ട്രയിൽ ലോക് ഡൗൺ ഉണ്ടോ എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുതരാമോ, സെമി ലോക് ഡൗൺ ആണോ പ്രഖ്യാപിച്ചിരിക്കുന്നത്. അതോ വ്യാജ ലോക്ഡൗൺ ആണോ എന്താണ് ഇവിടെ നടക്കുന്നത് നിർണായക തീരുമാനങ്ങൾ എടുക്കാൻ ഇവിടെ ആരും ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു.’-കങ്കണ പറഞ്ഞു.

ഒരു വാൾ തലയ്ക്കുമുകളിൽ തൂങ്ങിക്കിടക്കുമ്പോഴും വേണോ വേണ്ടയോ എന്ന് ആലോചിച്ച് സർക്കാർ സമയം കളയുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി.

സഞ്ജയ് റാവുത്തിനും ഉദ്ധവ് താക്കറെയ്ക്കും ഈ ദിവസങ്ങൾ ഭീതിതമായി തോന്നുന്നുണ്ടോ എന്നും എനിക്ക് കൗതുകവും പതിവുപോലെതന്നെ സന്തോഷവുമാണ് തോന്നുന്നത് എന്നും കങ്കണ ചോദിക്കുന്നു.