നവിമുംബൈ : കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കെ നവിമുംബൈയിലെ ആശുപത്രികളിൽ ആവശ്യത്തിന് ഐ.സി.യു. കിടക്കകളും വെന്റിലേറ്റർ സൗകര്യങ്ങളുമില്ലാതെ രോഗികൾ വലയുന്നു. ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും ഒഴിയുന്നതും കാത്ത് രോഗികൾ മണിക്കൂറുകളോളം ആംബുലൻസിൽ കഴിയേണ്ട സാഹചര്യമാണ് നിലവിൽ.
എൻ.എം.എം.സി.യുടെ തുർഭെയിലെ കോവിഡ് സെന്ററിൽ ചികിത്സയിലുണ്ടായിരുന്ന എ.പി.എം.സി. മാർക്കറ്റിലെ വ്യാപാരി എം.എം. ഖാന്റെ ഭാര്യ തൻവിർ ഖാന്റെ (52) നില വഷളായതോടെ ഐ.സി.യു.വിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് രോഗിയുമായി മണിക്കൂറുകളോളമാണ് ബന്ധുക്കൾ ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഓടേണ്ടിവന്നത്. ആദ്യം രോഗിയെ വാഷി സിഡ്‌കോ എക്‌സിബിഷൻ സെന്ററിലെ കോവിഡ് ആശുപത്രിയിൽ കൊണ്ടുവന്നുവെങ്കിലും ഐ.സി.യു. ഒഴിവില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതർ നിർദേശിച്ചു. പണവും മറ്റ് സൗകര്യങ്ങളുമുണ്ടായതുകൊണ്ട് ഞങ്ങൾക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടാൻ കഴിഞ്ഞു. ഇത്തരം സാഹചര്യത്തിൽ പാവങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഖാൻ ചോദിക്കുന്നത്.
മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ താനെയെ മറികടന്ന് രോഗവ്യാപനത്തിൽ നവിമുംബൈ ഒന്നാമതെത്തി. 15 ലക്ഷം ജനസംഖ്യയുള്ള നവി മുംബൈയിൽ തിങ്കളാഴ്ചവരെയുള്ള കണക്കനുസരിച്ച് 31,005 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 ലക്ഷം ജനസംഖ്യയുള്ള താനെയിൽ 30,601 പേരാണ് രോഗബാധിതർ.
രോഗികളുടെ എണ്ണംകൂടുന്നതിനനുസരിച്ച് ആശുപത്രികളിൽ ഐ.സി.യു., വെന്റിലേറ്റർ സൗകര്യമില്ലെന്നതാണ് നിലവിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നവിമുംബൈ കോർപ്പറേഷൻ നേരിടുന്ന പ്രധാനപ്രശ്‌നം. നിലവിൽ കോർപ്പറേഷനിൽ 335 ഐ.സി.യു. കിടക്കകളുള്ളതിൽ 131 എണ്ണത്തിലാണ് വെന്റിലേറ്റർ സൗകര്യമുള്ളത്. 3310 ജനറൽ കിടക്കകൾക്കുപുറമേ 2260 ഓക്‌സിജൻ കിടക്കകളുമുണ്ട്. ഇതിൽ 40 ശതമാനം രോഗികളും പൻവേൽ, റായ്ഗഢ്, കോലാപ്പുർ, സത്താറ, സാംഗ്ലി തുടങ്ങിയ പുറത്തുള്ള സ്ഥലത്തുനിന്നുള്ളവരാണ്.
പുറത്തുനിന്ന് ആളുകൾ വരുമ്പോൾ അവർക്ക് ചികിത്സ നിഷേധിക്കാൻ കഴിയില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാർ പറഞ്ഞു. ഐ.സി. യു. കിടക്കകളുടെ എണ്ണം അടുത്തയാഴ്ചയാകുമ്പോഴേക്കും 510 ആയി ഉയരുമെന്നും ഇതിൽ 40 ശതമാനം വെന്റിലേറ്റർ സൗകര്യമുള്ളതായിരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.