മുംബൈ : പ്രതിപക്ഷ നേതാവ്‌ ദേവേന്ദ്ര ഫഡ്‌നവിസിന്‌ ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്‌ കത്തെഴുതേണ്ടതെന്ന്‌ എം.പിസി.സി. പ്രസിഡന്റ് നാനാപട്ടോലെ. മഹാരാഷ്ട്ര കോവിഡ്‌ പ്രതിരോധത്തിൽ പരാജയപ്പെട്ടെന്ന്‌ ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ ഫഡ്‌നവിസ്‌ കത്ത്‌ എഴുതിയതിനോട്‌ പ്രതികരിക്കുകയായിരുന്നു പട്ടോലെ.

കോവിഡ്‌ പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീർത്തും പരാജയപ്പെട്ടിരിക്കുകയാണ്‌. ഇന്ത്യ ശവപറമ്പായി മാറിയിരിക്കുകയാണ്- പട്ടോലെ കുറ്റപ്പെടുത്തി. കോവിഡ്‌ സുനാമിപോലെ രാജ്യത്ത്‌ വീശിയടിക്കുമെന്ന്‌ ഫെബ്രുവരിയിൽ രാഹുൽ ഗാന്ധി മുന്നറിയപ്പ്‌ നൽകിയിരുന്നതാണ്‌. എന്നാൽ പ്രധാനമന്ത്രി അത്‌ അവഗണിച്ചു.

എല്ലാവർക്കും വാക്സിനേഷൻ ഉറപ്പ്‌ വരുത്തേണ്ട സമയത്ത്‌ തിരഞ്ഞെടുപ്പ്‌ റാലികൾക്കായിരുന്നു മോദി പ്രാധാന്യം കൽപ്പിച്ചതെന്നും പി.സി.സി. പ്രസിഡന്റ്‌ കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിലാണ്‌ കോവിഡ്‌ മരണങ്ങൾ കൂടുതലെന്ന്‌ കുറ്റപ്പെടുത്തുന്ന ഫഡ്‌നവിസ്‌ ഗുജറാത്തിലെ സ്ഥിതിവിശേഷം സൗകര്യപൂർവം മറക്കുകയാണ്‌. ഗുജറാത്തിൽ 71 ദിവസത്തിനുള്ളിൽ 1,23,871 പേർ കോവിഡ്‌ മൂലം മരിച്ചിട്ടുണ്ട്‌. എന്നാൽ സംസ്ഥാനത്തിന്റെ കണക്കിൽ മരണം 4,216 മാത്രമാണെന്നും പട്ടോലെ കുറ്റപ്പെടുത്തി.