ന്യൂഡൽഹി : അനാഥാലയത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ പേരും വെളിപ്പെടുത്തിയതിന് ഡൽഹി സാമൂഹികക്ഷേമമന്ത്രി രാജേന്ദ്ര പാൽ ഗൗതമിനെതിരേ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ ലെഫ്.ഗവർണർ അനിൽ ബൈജാലിനു കത്തയച്ചു. ഇതുസംബന്ധിച്ച വീഡിയോ മന്ത്രി ട്വിറ്ററിൽ പരസ്യപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

ഒരു ബാലസംരക്ഷണ കേന്ദ്രം പരിശോധിക്കാൻ ചെന്നപ്പോഴായിരുന്നു മന്ത്രിയുടെ നടപടി. ഈ കേന്ദ്രത്തിൽ താമസിക്കുന്ന കുട്ടികൾ അനാഥരാണെന്നും ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ മന്ത്രി പ്രസ്താവിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമമനുസരിച്ച് മന്ത്രിക്കെതിരേ കർശന നടപടി വേണമെന്ന് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

സ്ഥാപനത്തിന്റെ പേരിനൊപ്പം കുട്ടികളെ കാണിച്ചു കൊണ്ടുള്ള ദൃശ്യവത്കരണം ജുവൈനൽ നീതി നിയമത്തിന്റെ ലംഘനമാണ്. ഇതുസംബന്ധിച്ച പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലെഫ്. ഗവർണർക്കു കത്തയച്ചതെന്നും കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. അന്വേഷണം നടത്തി നടപടിറിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു.