മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം ശനിയാഴ്ച 80,000 കടന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ശനിയാഴ്ച 960 പേർകൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 80,512 ആയി. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് മരണസംഖ്യ തൊള്ളായിരത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് ശരാശരി മരണസംഖ്യ 800 ആയിരുന്നു. 80,000 പേരിൽ അവസാനത്തെ 10,000 പേർ മരിച്ചത് വെറും 13 ദിവസം കൊണ്ടാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ പത്തിനാണ് സംസ്ഥാനത്ത് കോവിഡ് മരണം 40,000 പിന്നിടുന്നത്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം എട്ടുമാസത്തോളമെടുത്തു മരണ സംഖ്യ 40,000 കടക്കാൻ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ശരാശരി മരണം 300-മുന്നൂറിനടുത്തായിരുന്നു. കോവിഡ് ഒന്നാം തരംഗത്തിൽ ഒരുദിവസത്തെ മരണം 450 എത്തിയ ശേഷം കുറയുകയായിരുന്നു. പിന്നീട് കഴിഞ്ഞ മാർച്ച് മുതലാണ് മരണ നിരക്ക് വീണ്ടും ഉയരാൻ തുടങ്ങിയത്. ഏപ്രിൽ 28-ന് 925 പേർ മരിച്ചതാണ് ഇതുവരെയുള്ള റെക്കോഡ്.

40,000-ത്തിൽനിന്ന് മരണസംഖ്യ 80,000-ത്തിലേക്കെത്താൻ ഏഴ് മാസമെടുത്തു. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഇപ്പോഴും ഉയർന്നുകിടക്കുന്നതാണ് മഹാരാഷ്ട്ര സർക്കാരിനെ ആശങ്കയിലാഴ്ത്തുന്നത്.

സംസ്ഥാനത്ത് 34,848 പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 53.44 ലക്ഷമായി. 59,073 പേർ ആശുപത്രി വിട്ടപ്പോൾ രോഗമുക്തരുടെ എണ്ണം 47.67 ലക്ഷമായി. നിലവിൽ ചികിത്സയിലുള്ളത് 4,94,032 പേരാണ്.

മുംബൈയിൽ ശനിയാഴ്ച 1,147 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി വിട്ടത് 2,333 പേരും. 62 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. മരണസംഖ്യ ഇതോടെ 14,200 ആയി. നിലവിൽ 36,674 പേരാണ് ചികിത്സയിലുള്ളത്.