ന്യൂഡൽഹി : നഗരത്തിൽ വൈദ്യുതിസ്തംഭനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ഊർജമന്ത്രാലയം. വ്യാഴാഴ്ചത്തെ പരമാവധി വൈദ്യുതി ആവശ്യം 4160 മെഗാവാട്ടായിരുന്നു. ഇതു നിറവേറ്റാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വൈദ്യുതിവിതരണക്കമ്പനികളുടെ കണക്കനുസരിച്ച് വൈദ്യുതി സ്തംഭനമുണ്ടായിട്ടില്ല. ആവശ്യമായ വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ദാദ്രി-ഒന്ന് നിലയത്തിൽനിന്ന്‌ 756 മെഗാവാട്ട് വൈദ്യുതി ഡൽഹിയിലെ വിതരണ ക്കമ്പനികൾക്ക് അനുവദിച്ചിരുന്നു.

കൂടാതെ, ഒമ്പതര ദശലക്ഷം യൂണിറ്റ് വൈദ്യുതി വാഗ്ദാനവും നൽകി. എന്നാൽ, അധികമായി അനുവദിച്ച വൈദ്യുതി ഡൽഹിയിലെ വിതരണക്കമ്പനികൾക്ക് ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ചൊവ്വാഴ്ച 4707 മെഗാവാട്ടും ബുധനാഴ്ച 4382 മെഗാവാട്ടുമായിരുന്നു വൈദ്യുതി ആവശ്യം.

കൽക്കരിക്ഷാമത്തെ തുടർന്ന് വൈദ്യുതി പ്രതിസന്ധി ഉണ്ടാവുമെന്നും വരുംദിവസങ്ങളിൽ പവർക്കട്ടിന് സാധ്യതയുണ്ടെന്നും വിതരണക്കമ്പനികൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

കൽക്കരിക്ഷാമത്തിൽ ഇടപെടൽ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പ്രധാനമന്ത്രിക്കു കത്തയച്ചു. എന്നാൽ, ഇതുവരെയും നഗരത്തിൽ വൈദ്യുതിസ്തംഭനം അനുഭവപ്പെട്ടിട്ടില്ല. വൈദ്യുതി വിഹിതം പൂർണമായി ഡൽഹിയിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻ.ടി.പി.സി.യുടെ വിലയിരുത്തൽ. ഇതിനു പിന്നാലെയാണ് ഡൽഹിയിലെ വൈദ്യുതി ആവശ്യം നിറവേറിയിട്ടുണ്ടെന്ന് ഊർജമന്ത്രാലയത്തിന്റെ പ്രസ്താവന.