മുംബൈ : ഹൈന്ദവക്ഷേത്രങ്ങളുടെയും സ്വത്തുക്കളുടെയും നിയന്ത്രണം ഹിന്ദുസമുദായത്തിന് വിട്ടുകൊടുക്കണമെന്ന് ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ജനസംഖ്യയുടെ അസന്തുലിത വളർച്ച തടയുന്നതിന് പുതിയ ജനസംഖ്യാനയം ആവിഷ്കരിക്കണമെന്നും വിജയദശമിദിനത്തിൽ നാഗ്പുരിലെ ആർ.എസ്.എസ്. ആസ്ഥാനത്തുനൽകിയ സന്ദേശത്തിൽ ഭാഗവത് ആവശ്യപ്പെട്ടു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മിക്ക ക്ഷേത്രങ്ങളുടെയും നിയന്ത്രണം സർക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രഭരണം മതവിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടത്. ചില ക്ഷേത്രങ്ങൾ ട്രസ്റ്റുകളുടെയും ചിലത് കുടുംബ ട്രസ്റ്റുകളുടെയും നിയന്ത്രണത്തിലാണ്. ചില ക്ഷേത്രങ്ങളുടെ നടത്തിപ്പ് മാതൃകാപരമാണെങ്കിലും പല ക്ഷേത്രങ്ങളുടെയും സ്ഥാവര, ജംഗമ വസ്തുക്കൾ കൈകാര്യംചെയ്യുന്നതിൽ ക്രമക്കേടുകൾ നടക്കുന്നതായി പരാതിയുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ ഇടപെടലുകളുണ്ടാകുന്നു. ആചാര്യൻമാരുമായോ മതപണ്ഡിതൻമാരുമായോ കൂടിയാലോചിക്കാതെയാണ് പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത്. ഹൈന്ദവക്ഷേത്രങ്ങളുടെ നിയന്ത്രണം കൈയാളുന്നതിൽനിന്ന് മതനിരപേക്ഷ ഭരണകൂടം പിന്മാറുകയാണ് പോംവഴി -ഭാഗവത് പറഞ്ഞു.

റാഞ്ചിയിൽ 2015-ൽ നടന്ന ആർ.എസ്.എസ്. അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ പ്രമേയം ചൂണ്ടിക്കാണിച്ചാണ് രാജ്യത്തിന്റെ ജനസംഖ്യാനയം പുനരവലോകനം ചെയ്യണമെന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടത്. ഹിന്ദുമതത്തെ അപേക്ഷിച്ച് ഇസ്‌ലാം, ക്രിസ്ത്യൻ ജനസംഖ്യാ വർധനയുടെ തോത് വർധിച്ചുവരുകയാണെന്നും ഇതുതടയുന്നതിന് നടപടിയെടുക്കണമെന്നും കാര്യകാരി മണ്ഡൽ ആവശ്യപ്പെട്ടിരുന്നു. തദ്ദേശീയരായ ഹിന്ദുസമുദായാംഗങ്ങൾക്ക് പീഡനം ഭയന്ന് പലായനംചെയ്യേണ്ട സ്ഥിതി പല ഭാഗങ്ങളിലുണ്ടെന്നും ഇത് ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു. ഇതുതടയുന്നതിന് പുതിയ ജനസംഖ്യാനയം ആവിഷ്കരിക്കണം.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുക, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കിയ സാഹചര്യത്തിൽ ജനസംഖ്യാനയത്തിലൂടെ ആർ.എസ്.എസ്. കേന്ദ്രസർക്കാരിനുമുന്നിൽ പുതിയ കാര്യപരിപാടി മുന്നോട്ടുവെക്കുകയാണെന്നാണ് കരുതുന്നത്.

രാജ്യമെങ്ങും മയക്കുമരുന്നുപയോഗം വർധിക്കുകയാണെന്നും മയക്കുമരുന്ന് വ്യാപാരത്തിൽനിന്നുള്ള വരുമാനം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്യുന്ന ഉള്ളടക്കങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംവിധാനമില്ലാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. താലിബാന്റെ വളർച്ചയിലും അവർക്ക് ചൈനയും പാകിസ്താനും നൽകുന്ന പിന്തുണയിലും ആശങ്കയുണ്ടെന്നും അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കണമന്നും ഭാഗവത് ആവശ്യപ്പെട്ടു.

ആർ.എസ്.എസ്. സ്ഥാപകദിനച്ചടങ്ങിൽ ഇസ്രയേൽ കോൺസൽ ജനറൽ കോബി ശൊശാനി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക്‌ പ്രവേശനമുണ്ടായില്ല. ഭാഗവതിന്റെ പ്രസംഗത്തിന്റെ അച്ചടിച്ച പകർപ്പ് മാധ്യമങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു.