മുംബൈ : വാക്സിൻ ക്ഷാമത്തെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ കോവിഡ് പ്രതിരോധകുത്തിവെപ്പ് നിർത്തിവെച്ചു. തിങ്കളാഴ്ച വീണ്ടും കുത്തിവെപ്പ് തുടങ്ങുമെന്നും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച 100 മുതൽ 200 ഡോസുകൾവരെയാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കുത്തിവെപ്പിനായി അയച്ചത്. ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകീട്ട് അഞ്ചുമണി വരെയായിരുന്നു കുത്തിവെപ്പ്.

നേരത്തെ കോവിൻ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരുന്നു കുത്തിവെപ്പ്. നേരിട്ട് കുത്തിവെപ്പ് കേന്ദ്രത്തിലേക്ക് എത്തിയവർക്കാർക്കും വാക്സിൻ ലഭിച്ചില്ല. 45 വയസ്സിനുമേലുള്ള ഒന്നാം ഡോസുകാർക്കും രണ്ടാം ഡോസുകാർക്കുമായിരുന്നു വെള്ളിയാഴ്ച വാക്സിൻ ലഭിച്ചത്. ഞായറാഴ്ചയോടെ വാക്‌സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അങ്ങനെയാണെങ്കിൽ തിങ്കളാഴ്ചമുതൽ വീണ്ടും കുത്തിവെപ്പ് ആരംഭിക്കും. എല്ലാ കേന്ദ്രങ്ങളിലും സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ കൊവാക്സിൻ രണ്ടാം ഡോസുകാർക്ക് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.