പുണെ: കോവിഡ് രോഗികൾക്കുള്ള പോളി ഹെർബൽ ഫോർമുലേഷനായ ആയുഷ്- 64 ഗുളികകളുടെ സൗജന്യ വിതരണം പുണെയിൽ തുടങ്ങി. ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള പുണെയിലെ ദേശീയ പ്രകൃതിചികിത്സാ കേന്ദ്രമാണ് മരുന്നിന്റെ സൗജന്യവിതരണം നടത്തുന്നത്. പുണെ റെയിൽവേസ്റ്റേഷന് അടുത്ത് ബാപ്പു ഭവനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി (എൻ.ഐ.എൻ.) സെന്ററിൽ ദിവസേന രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ മരുന്ന് ലഭിക്കും. രോഗിയുടെ ആർ.ടി.പി.സി.ആർ. പരിശോധനാ ഫലത്തിന്റെയും ആധാർകാർഡിന്റെയും കോപ്പി ഹാജരാക്കണം. 40 ഗുളികകളടങ്ങുന്ന ആയുഷ്- 64- ന്റെ കിറ്റാണ് ഓരോ രോഗികൾക്കും നൽകുന്നത്. ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഈ ആയുർവേദ ഗുളിക ഉപയോഗിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം നൽകിയ നിർദേശപ്രകാരമാണ് പുണെയിൽ ഇതിന്റെ വിതരണം തുടങ്ങിയിട്ടുള്ളത്.

നാഷണൽ ക്ലിനിക്കൽ മാനേജ്മെന്റ് ഓഫ് കോവിഡ് പ്രോട്ടോകോൾ ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ അംഗീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളാടുകൂടിയും കാര്യമായ രോഗ ലക്ഷണങ്ങളില്ലാതെയും ആർ.ടി.പി.സി.ആർ. പരിശോധനയിൽ കോവിഡ് ബാധ തെളിഞ്ഞവർക്ക് മരുന്ന് ഉപയോഗിക്കാമെന്ന് എൻ.ഐ. എൻ. ഡയറക്ടർ ഡോ. കെ. സത്യലക്ഷ്മി പറഞ്ഞു. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടത്തെ ഡോ. യുവരാജ് പോളിനെ 9444730430 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.