ന്യൂഡൽഹി : കോവിഡിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ അറിയിച്ചു. കുടുംബത്തിലെ ഏകവരുമാനക്കാരൻ കോവിഡ് ബാധിച്ചു മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്ക്‌ ധനസഹായവും ഉറപ്പാക്കും. വയോധികരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തലസ്ഥാനത്തെ ആശുപത്രികളിൽ മൂവായിരം കിടക്കകൾ ഒഴിവുണ്ടെങ്കിലും ഐ.സി.യു കിടക്കകളെല്ലാം രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി ഡിജിറ്റൽ വാർത്താസമ്മേളനത്തിൽ കെജ് രിവാൾ ചൂണ്ടിക്കാട്ടി. രാംലീല മൈതാനത്തും രാധാസോമി ക്യാമ്പിലുമുള്ള കോവിഡ് കേന്ദ്രങ്ങളിലായി 1200 ഐ.സി.യു. കിടക്കകൾ തയ്യാറായി വരികയാണ്. പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ ചില ജീവനുകൾ രക്ഷിക്കാനായില്ല. മഹാമാരിയിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകും. മക്കളെ നഷ്ടപ്പെട്ട വയോധികർക്കും സഹായം നൽകും. നിരാശ്രയർക്ക് എല്ലാ സഹായവും ഡൽഹി സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.