മുംബൈ : നഗരത്തിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ച കുട്ടികൾ വെറും ഒരു ലക്ഷത്തോളം മാത്രം. 15 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നതാണ് ഇത് നൽകുന്ന സൂചന. വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം ഈ ഗ്രൂപ്പിൽ പെട്ട 1,18,267 പേരാണ് ഇതുവരെ വാക്സിൻ എടുത്തത്. സംസ്ഥാനത്ത് ആകെയുള്ള കണക്കാകട്ടെ 24.27 ലക്ഷം കുട്ടികളും.

15-17 വയസ്സിനിടയിൽ ഏകദേശം ഒൻപത് ലക്ഷത്തിലധികം കുട്ടികളാണ് മുംബൈയിലുള്ളത്. കഴിഞ്ഞ പത്ത് ദിവസമായി ഇവർക്കായി കുത്തിവെപ്പ് ക്യാമ്പുകൾ പലയിടത്തും നടക്കുന്നുണ്ടെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. ചില സ്കൂളുകളിലും കോളേജുകളിലും കുട്ടികളുടെ കുത്തിവെപ്പിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പലയിടത്തും അത് നടന്നില്ല. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിച്ചത്. ബി.എം.സി. നടത്തുന്ന പൊതുകേന്ദ്രങ്ങളിലേക്ക് ഇവർ എത്തിപ്പെടുന്നില്ല.

ജനുവരി മൂന്നിനാണ് 15-17 വയസ്സിനിടയിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ തുടങ്ങിയത്. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ബി.എം.സി.യും സംസ്ഥാന സർക്കാരും നടത്തുന്ന കുത്തിവെപ്പ് കേന്ദ്രങ്ങളിൽ എത്തിയ കുട്ടികൾ ഒരു ലക്ഷത്തോളമേ വരൂ. ബാക്കിയുള്ളവർ സ്വകാര്യ ആശുപത്രികളിൽ എത്തിയാണ് കുത്തിവെപ്പെടുത്തത്. നഗരത്തിലെ ഒൻപത് ലക്ഷം കുട്ടികൾക്കും ഫെബ്രവരി അവസാനത്തോടെതന്നെ രണ്ട് വാക്സിന്റെ രണ്ട് ഡോസുകളും നൽകണമെന്നായിരുന്നു ബി.എം.സി.യുടെ കണക്കുകൂട്ടൽ.

മാർച്ച്, ഏപ്രിൽ മാസത്തെ പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താനുള്ള സാഹചര്യമൊരുക്കുക എന്നതുകൂടിയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം രണ്ടാമത്തെ ഡോസ് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ ഗ്രൂപ്പിൽപ്പെട്ട കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് കുത്തിവെച്ചിരുന്നത്. പത്ത് ദിവസംകൊണ്ട് ഒരു ലക്ഷം പേർക്ക് മാത്രമേ കുത്തിവെപ്പെടുക്കാൻ കഴിഞ്ഞുള്ളൂ എന്നത് ആരോഗ്യവകുപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്.

ഇങ്ങനെ പോയാൽ ഒൻപത് ലക്ഷം കുട്ടികൾക്ക് ഒന്നാം ഡോസ് കൊടുക്കാൻതന്നെ എത്രദിവസം വേണ്ടിവരുമെന്ന ആശങ്കയിലാണിവർ. എല്ലാ കുട്ടികൾക്കും രണ്ടുഡോസ് കുത്തിവെപ്പ് എന്ന ലക്ഷ്യത്തിലേക്കെത്താൻ ഇനിയും മാസങ്ങൾ വേണ്ടിവന്നേക്കും.