മുംബൈ : നഗരത്തിൽ ഇതേരീതിയിൽ കുറച്ചു ദിവസങ്ങൾകൂടി തണുപ്പുതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വരുംദിവസങ്ങളിൽ ചെറിയതോതിൽ അന്തരീക്ഷോഷ്മാവ് വർധിക്കുമെങ്കിലും ഇത് 18-28 ഡിഗ്രി സെൽഷ്യസിൽ കിടക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ അറിയിപ്പിലുള്ളത്. കഴിഞ്ഞദിവസം നഗരത്തിലെ ഏറ്റവുംകുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

സാന്താക്രൂസ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ രേഖപ്പെടുത്തിയ 16 ഡിഗ്രി സെൽഷ്യസും. ഇത് സാധാരണ താപനിലയിൽനിന്ന്‌ 1.3 ഡിഗ്രി താഴെയാണ്. ഏറ്റവുംകൂടിയ താപനില 27.2 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത്തവണത്തെ ഏറ്റവുംകുറഞ്ഞ താപനില രേഖപ്പെടുത്തിയത് (13.2 ഡിഗ്രി).

കഴിഞ്ഞ വർഷം ജനുവരിയിലെ ഏറ്റവുംകുറഞ്ഞ താപനില 14.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. നഗരത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനില 7.4 ഡിഗ്രി സെൽഷ്യസ് ആണ്. 1962 ജനുവരി 22-ന് ആയിരുന്നു ഇത്.

ഹിൽസ്റ്റേഷനായ മഹാബലേശ്വറിൽ കഴിഞ്ഞ ദിവസം പൂജ്യംഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയിലേക്കെത്തുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവുംതണുപ്പുള്ള പ്രദേശമായി ഇതുമാറി. വെന്ന തടാകപ്രദേശത്താണ് പൂജ്യംഡിഗ്രി രേഖപ്പെടുത്തിയത്.

വൈകീട്ട് ആറുമണിക്ക് ഇവിടത്തെ താപനില 2.8 ഡിഗ്രിയായിരുന്നത് പുലർച്ചെ മൂന്നുമണിയോടെ പൂജ്യത്തിലേക്ക് എത്തുകയായിരുന്നു.