മുംബൈ : ബി.ജെ.പി. എം.പി. പ്രജ്ഞാസിങ് ഠാക്കൂർ പ്രതിയായ മാലേഗാവ് സ്ഫോടനക്കേസിലെ സാക്ഷികൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആരിഫ് നസീം ഖാൻ മഹരാഷ്ട്ര ഭീകര വിരുദ്ധ സേനാമേധാവി വിനീത് അഗർവാളിന് കത്തു നൽകി. കേസിലെ 16 സുപ്രധാന സാക്ഷികൾ കൂറുമാറിയ സഹചര്യത്തിലാണ് ഈ ആവശ്യം.

മഹാരാഷ്ട്രയിൽ നാസിക്കിനടുത്തുള്ള മാലേഗാവിൽ ഹമീദിയ പള്ളിക്കടുത്ത് 2008 സെപ്റ്റംബർ 29-ന് രണ്ടു സ്ഫോടനങ്ങളിൽ ആറുപേർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വർഷങ്ങൾക്കുശേഷമാണ് എൻ.ഐ. എ. കോടതിയിൽ നടക്കുന്നത്. ഇരുനൂറിലേറെ സാക്ഷികളുടെ മൊഴി ഇതിനകം കോടതി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിൽപ്പെട്ട 16 സാക്ഷികളാണ് കൂറുമാറി പ്രതിഭാഗം ചേർന്നത്.

സാക്ഷികൾ കൂറുമാറുന്നത് തടയാൻ അവർക്ക് എ.ടി.എസിന്റെ സംരക്ഷണം നൽകണമെന്ന് ഖാൻ ആവശ്യപ്പെട്ടു. ഈ കേസ് ആദ്യം അന്വേഷിച്ച എ.ടി.എസ്. സംഘത്തിന്റെ ഭാഗമായിരുന്നു അഗർവാൾ.

മാലേഗാവ് സ്ഫോടനത്തിനുപിന്നിൽ ‘അഭിനവ് ഭാരത്’ എന്ന ഹിന്ദു തീവ്രവാദി സംഘടനയാണെന്നായിരുന്നു മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തൽ. അന്വേഷണം പിന്നീട് എൻ.ഐ.എ. ഏറ്റെടുത്തു. പ്രജ്ഞാസിങ് ഠാക്കൂറും ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതും ഉൾപ്പെടെ കേസിലെ ഏഴുപ്രതികൾക്കുമെതിരേ 2018 ഒക്ടോബറിലാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് പ്രജ്ഞാസിങ് ഭോപ്പാലിൽനിന്ന് ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച് പാർലമെന്റിലെത്തിയത്. കൂട്ടുപ്രതിയായ കേണൽ പുരോഹിതിനെതിരേ മഹാരാഷ്ട്ര ഭീകര വിരുദ്ധസേനയ്ക്ക് മൊഴി നൽകിയിരുന്നവരാണ് കൂറുമാറിയ സാക്ഷികളിൽ ഏറെയും. കേസിൽ രഹസ്യവിചാരണ വേണമെന്നാവശ്യപ്പെട്ട് പുരോഹിത് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.