മുംബൈ : മുസ്‌ലിം സ്ത്രീകളെ അവഹേളിക്കുന്നതിനായി തയ്യാറാക്കിയ ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്വേത സിങ്ങിനെയും മായങ്ക് റാവത്തിനെയും ബാന്ദ്രയിലെ കോടതി ജനുവരി 28വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ കോടതി 17-ന് പരിഗണിക്കും.

വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി ആപ്പ് നിർമിച്ച് മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വെച്ചെന്ന കേസിൽ ജനുവരി അഞ്ചിന് ഉത്തരാഖണ്ഡിൽനിന്നാണ് ശ്വേതയെയും മായങ്കിനെയും അറസ്റ്റുചെയ്തത്. ഇരുവരും സൈബർ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കേസിലെ കൂട്ടുപ്രതിയായ വിശാൽ കുമാർ ഝാ മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണ്. മറ്റുപ്രതികളായ നീരജ് ബിഷ്ണോയിയും ഓംകാരേശ്വർ ഠാക്കൂറും ഡൽഹി പോലീസിന്റെ കസ്റ്റഡിയിലും.