നവിമുംബൈ : കോവിഡ്കാലത്ത് മാസ്‌ക് ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹിക അകലംപാലിച്ചും പ്രതിരോധകുത്തിവെപ്പെടുത്തും രോഗത്തിൽനിന്ന് രക്ഷനേടാൻ എല്ലാവരും ശ്രമിക്കുമ്പോൾ ഇതൊന്നുമില്ലാതെ ഒരുകൂട്ടം ആളുകൾ നഗരത്തിലെ പാതയോരങ്ങളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുപോകുന്നു.

നഗരങ്ങളിലെ പൊതുശൗചാലയങ്ങളെ ചുറ്റിപ്പറ്റി നൂറുകണക്കിന് കുടുംബങ്ങളാണ് മഹാമാരിക്കാലത്ത് അപകടകരമായ അവസ്ഥയിൽ തെരുവുകളിൽ ജീവിതം നയിക്കുന്നത്. ഇവരോട് മാസ്‌ക് ധരിക്കാനോ, കൈകൾ അണുവിമുക്തമാക്കാനോ കുത്തിവെപ്പെടുക്കാനോ ആരും പറയുന്നില്ല. മേൽവിലാസമില്ലാത്ത, തിരിച്ചറിയൽ കാർഡുകളില്ലാത്ത ഇവർക്ക് കോവിഡ് ബാധിക്കുന്നതിനെക്കുറിച്ചോ കുത്തിവെപ്പ് നൽകാത്തതിനെക്കുറിച്ചോ വേവലാതിപ്പെടാൻ ആരുമില്ല. അക്ഷരാഭ്യാസമില്ലാതെ ട്രാഫിക് സിഗ്‌നലുകളിൽ പൂക്കൾ വിറ്റും കളിപ്പാട്ടങ്ങൾ വിറ്റും ജീവിതം തള്ളിനീക്കുന്ന തെരുവുബാല്യങ്ങളുടെ ഭാവിയെക്കുറിച്ചും ആർക്കും ആശങ്കയില്ല.

പാതയോരം വീടാക്കിക്കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾ ആൺ, പെൺ വ്യത്യാസമില്ലാതെ ചെറുപ്രായത്തിൽത്തന്നെ ലഹരിയടക്കമുള്ള ദുശ്ശീലങ്ങൾക്ക് അടിമപ്പെടുന്നു. വലിയതുക നൽകി ലഹരിവസ്തുക്കൾ വാങ്ങാൻ കഴിയാത്ത ഇവർ ലഹരിക്കായി ഉപയോഗിക്കുന്നത് പെയിന്റ് നേർപ്പിക്കാനുപയോഗിക്കുന്ന തിന്നർപോലുള്ള മാരകമായ രാസവസ്തുക്കളാണെന്ന് വാഷി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ അയേൺ ഈഗിൾ വി ഗ്രൂപ്പിന്റെ വിഷ്ണു ഗാവ്‌ലി കണ്ടെത്തി പോലീസിനെ വിവരമറിയിച്ചിരുന്നു.

തെരുവോരത്തിരുന്നു പരസ്യമായി തുണി തിന്നറിൽ മുക്കി ശ്വസിക്കുകയും അതിൽനിന്ന് ലഹരികണ്ടെത്തുകയുമാണ് ഇവർ ചെയ്യുന്നത്. ലഹരി കിട്ടുമെന്നു മാത്രമല്ല വിശപ്പറിയുകയുമില്ല. ഇതേക്കുറിച്ച് ചോദിച്ച സന്നദ്ധ പ്രവർത്തകനോടുള്ള ഇവരുടെ മറുപടി.

തിന്നർ മാത്രമല്ല ഗ്ലൂപോലുള്ള മറ്റുവിലകുറഞ്ഞ രാസപദാർത്ഥങ്ങളും ഈ കുട്ടികൾ ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും ദീർഘകാലം ഉപയോഗിച്ചാൽ ഹൈഡ്രോകാർബണുകളടങ്ങിയ ഈ വസ്തുക്കൾ ശ്വാസകോശവും വൃക്കയും തകരാറിലാക്കുമെന്നും വിഷ്ണു ഗാവ്‌ലി പറയുന്നു. പകർച്ചവ്യാധിക്കാലത്ത് അപകടകരമായ സാഹചര്യത്തിൽ ആരാലും ശ്രദ്ധിക്കാതെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന തെരുവുബാല്യങ്ങൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണെന്നും സംസ്ഥാന വനിതാ ശിശുക്ഷേമ സമിതിയോ സന്നദ്ധ സംഘടനകളോ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും വിഷ്ണു ഗാവ്‌ലി പറഞ്ഞു.