മുംബൈ : മഹാരാഷ്ട്രയിലെ വർധയിൽ ഗർഭസ്ഥശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളും പോലീസ് കണ്ടെത്തി. അനധികൃത ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഡോക്ടറെയും രണ്ടുനഴ്‌സുമാരെയും അറസ്റ്റുചെയ്തിട്ടുണ്ട്.

അഞ്ചുമാസം ഗർഭിണിയായിരുന്ന പതിമ്മൂന്നുകാരിക്ക്‌ അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയെന്ന പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്ര പോലീസ് വർധയിലെ കദം ആശുപത്രിപരിസരത്ത് തിരച്ചിൽ നടത്തിയത്.

ആശുപത്രിവളപ്പിലെ ബയോഗ്യാസ് പ്ലാന്റിനുള്ളിലായിരുന്നു ഗർഭസ്ഥശിശുക്കളുടെ തലയോട്ടികളും അസ്ഥികളും. അനധികൃതമായി നടത്തിയ ഗർഭച്ഛിദ്രത്തിന്റെ അവശിഷ്ടങ്ങൾ ആശുപത്രി അധികൃതർ അശാസ്ത്രീയമായി സംസ്കരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

ബലാത്സംഗത്തിലൂടെ ഗർഭിണിയായ പതിമ്മൂന്നുകാരിക്ക്‌ അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയെന്ന പരാതിയിലാണ് ഈ ആശുപത്രിയിലെ ഡോക്ടറായ രേഖ കദമിനെയും പൂജാ ദത്ത്, സംഗീത കാലെ എന്നീ നഴ്‌സുമാരെയും പോലീസ് അറസ്റ്റുചെയ്തത്.

30,000 രൂപ വാങ്ങിയാണ് രേഖാ കദം ഗർഭച്ഛിദ്രം നടത്തിക്കൊടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട വിവരം പോലീസിനെ അറിയിച്ചതുമില്ല. രേഖയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ളതാണ് കദം ആശുപത്രി.

മകൾ ബലാത്സംഗം ചെയ്യപ്പെട്ടെന്നുകാണിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. 17 വയസ്സുകാരനാണ് കുറ്റാരോപിതൻ.

പോലീസിൽ പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇയാളുടെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ അമ്മ പറയുന്നു. കുറ്റാരോപിതനെ ദുർഗുണപരിഹാര പാഠശാലയിലേക്കയച്ച പോലീസ്, അയാളുടെ മാതാപിതാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്.

പെൺകുട്ടിയെ തുടർചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ആർവി പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ ഭാനുദാസ് പിഡുരാക്കർ അറിയിച്ചു.