മുംബൈ : അനധികൃത പണമിടപാടുകേസിൽ മൊഴി നൽകാനെത്താത്ത മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ കണ്ടെത്തുന്നതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സി.ബി.ഐ. യുടെ സഹായം തേടി. ദേശ്‌മുഖിനായി സി.ബി.ഐ.യുമായി ചേർന്ന് സംയുക്ത റെയ്ഡുകൾ നടത്തുമെന്ന് ഇ.ഡി.വൃത്തങ്ങൾ അറിയിച്ചു.

മുംബൈയിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപ വീതം പിരിച്ചുനൽകാൻ മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാർക്ക് നിർദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണായിരുന്ന പരംബീർ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പണമിടപാടുകളെപ്പറ്റി ഇ.ഡി. അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴിനൽകാൻ എത്തണമെന്നാവശ്യപ്പെട്ട് ദേശ്‌മുഖിന് ഇ.ഡി. അഞ്ചു തവണ സമൻസ് അയച്ചിരുന്നു. എന്നാൽ, അദ്ദേഹം ഇതുവരെ ഹാജരാകാൻ തയ്യാറായിട്ടില്ല. ഇതേത്തുടർന്ന് ഇ.ഡി. ദേശ്‌മുഖിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

തുടർച്ചയായി സമൻസുകൾ ലംഘിച്ച സാഹചര്യത്തിലാണ് ദേശ്‌മുഖിനെ കണ്ടെത്തുന്നതിന് സി.ബി.ഐ.യുടെ സഹായം തേടിയതെന്ന് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലും നാഗ്പുരുമായി പതിന്നാലിടത്ത് ഇ.ഡി. റെയ്ഡ് നടത്തിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ സി.ബി.ഐ.യും റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ഇനിയുള്ള റെയ്ഡ് ദേശ്‌മുഖിനെ കണ്ടെത്തുന്നതിനു വേണ്ടിയായിരിക്കുമെന്ന് ഇ.ഡി. പറയുന്നു. ഇ.ഡി. യുടെ സമൻസിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വന്നതിനുശേഷമേ മൊഴിനൽകാനെത്തൂ എന്നാണ് ദേശ്‌മുഖ് പറയുന്നത്.

ഇ.ഡി.യുടെ സമൻസ് റദ്ദാക്കണമെന്നും തന്റെ മൊഴി ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ രേഖപ്പെടുത്താൻ നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. തനിക്കെതിരായ അന്വേഷണം വിലയിരുത്തുന്നതിന് മുംബൈയ്ക്ക് പുറത്തുള്ള ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യങ്ങളുന്നയിച്ച് ദേശ്‌മുഖ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ആഭ്യന്തര മന്ത്രിയായിരിക്കേ നഗരത്തിലെ ബാറുകളിൽനിന്ന് തനിക്കുവേണ്ടി ആരും പണം പിരിച്ചിട്ടില്ലെന്നും ആ പണം കടലാസു കമ്പനികൾ വഴി കുടുംബ ട്രസ്റ്റിലേക്ക് കൈമാറിയിട്ടില്ലെന്നും ദേശ്‌മുഖ് കോടതിയെ അറിയിച്ചിട്ടുണ്ട്.