മുംബൈ : ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 5.3 ശതമാനമായി കുറഞ്ഞു. ജൂലായിലിത് 5.59 ശതമാനവും 2020 ഓഗസ്റ്റിൽ 6.69 ശതമാനവുമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുപ്രകാരം ഓഗസ്റ്റിൽ ഭക്ഷ്യവിലപ്പെരുപ്പം ജൂലായിലെ 3.96 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 3.11 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

റിസർവ് ബാങ്ക് സുരക്ഷിതനിലവാരമായി കരുതുന്ന പരിധിക്കകത്ത് തുടർച്ചയായ രണ്ടാംമാസമാണ് പണപ്പെരുപ്പം നിൽക്കുന്നത്. ജൂണിലിത് 6.26 ശതമാനമായിരുന്നു. പണപ്പെരുപ്പം രണ്ടുശതമാനത്തിനും ആറുശതമാനത്തിനും ഇടയിൽ നിലനിർത്താനാണ് ആർ.ബി.ഐ. ശ്രമിക്കുന്നത്.