മുംബൈ : ചിപ്ലുണിലും മഹാഡിലും പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കായി മുംബൈയിലും പ്രാന്തപ്രദേശത്തും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലുമുള്ളവർ സ്വരൂപിച്ച് നൽകിയ പണം ശനിയാഴ്ച വിതരണം ചെയ്തു. കേരളീയ കേന്ദ്രസംഘടന, എയ്മ, റോഹ മലയാളി സമാജം, രത്നഗിരി മലയാളികൾ, വസായിൽ നിന്നുള്ള പ്രദീപ് പങ്കൻ എന്നിവർ നൽകിയ 9.35 ലക്ഷം രൂപയാണ് ശനിയാഴ്ച രണ്ട് പ്രദേശങ്ങളിലേയും മലയാളി സമാജങ്ങൾക്ക് കൈമാറിയതെന്ന് കൊങ്കൺ മലയാളി ഫെഡറേഷൻ പ്രസിഡന്റ്‌ റോയ് ഏലിയാസ് അറിയിച്ചു.

2.36 ലക്ഷം രൂപ കൂടി ബുധനാഴ്ച ഇവർക്ക് കൈമാറും. മലയാളം മിഷൻ (മുംബൈ ചാപ്റ്റർ), സഹർ മലയാളി സമാജം തുടങ്ങിയ സംഘടനകളും ചില വ്യക്തികളുമാണ് ഇതിലേക്കുള്ള തുക നൽകിയിരിക്കുന്നത്. ആകെ 11.71 ലക്ഷം രൂപ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. നാസിക് കൾച്ചറൽ അസോസിയേഷൻ, ഖോപ്പോളി സമാജം, ഡോംബിവ്‌ലി കേരളീയ സമാജം, പനവേൽ കൈരളി കൾച്ചറൽ അസോസിയേഷൻ, സാവർഡ സമാജം തുടങ്ങി നിരവധി സംഘടനകൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തേ രണ്ട് ട്രക്ക് അവശ്യ വസ്തുക്കൾ ചിപ്ലുൺ, മഹാഡ് പ്രദേശത്ത് വസിക്കുന്നവർക്കായി വിതരണം ചെയ്തിരുന്നു. തുടർന്നാണ് പലർക്കും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കി അതിലേക്ക് സഹായമെത്തിക്കാൻ ശ്രമം ആരംഭിച്ചത്. നോർക്ക (മഹാരാഷ്ട്രാ) ഓഫീസർ ശ്യാം കുമാറും ഇവ സ്വരൂപിച്ച് പ്രളയ ബാധിത പ്രദേശങ്ങളിൽ എത്തിക്കാൻ മുന്നിലുണ്ടായിരുന്നു.