മുംബൈ : കൊങ്കൺ മേഖലയിലെ രത്നഗിരി ജില്ലയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ വീട് സ്കൂളാക്കി മാറ്റാൻ നീക്കം.

സർക്കാർ ലേലത്തിൽ വെച്ചപ്പോൾ സുപ്രീംകോടതി അഭിഭാഷകനായ അജയ് ശ്രീവാസ്തവ ആണ് ഇത് വാങ്ങിയത്.

സാങ്കേതികപ്രശ്നങ്ങളെല്ലാം ഒഴിഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് ഈ വീട് ലഭിച്ചത്. ഗുരുകുല രീതിയിലോ മദ്രസ രീതിയിലോ ഉള്ള സ്കൂൾ തുടങ്ങാനാണ് തനിക്ക് താത്പര്യമെന്നാണ് അദ്ദേഹം അറിയിച്ചത്. സനാതൻ ധർമപ്രതിഷ്ഠാൻ ട്രസ്റ്റിന് കീഴിലായിരിക്കും സ്കൂൾ പ്രവർത്തിക്കുക. ഈ കെട്ടിടത്തിന് ചിത്രഗുപ്തഭവൻ എന്നു പേരിട്ടുകഴിഞ്ഞു.

ഒരു കാലത്ത് ദാവൂദിന്റെയും കുടുംബത്തിന്റെയും അവധിക്കാല വീടായിരുന്നു

1979-’80 കാലത്ത് ദാവൂദിന്റെ പിതാവ് ഇബ്രാഹിം കാസ്‌കർ പണിത ഈ രണ്ടുനില മാളിക. മുംബൈ ക്രൈംബ്രാഞ്ചിൽ കോൺസ്റ്റബിളായിരുന്നു അന്നദ്ദേഹം.

ഇപ്പോൾ കെട്ടിടം ഏറക്കുറെ നശിച്ച അവസ്ഥയിലാണ്. അറ്റകുറ്റപ്പണി നടത്തിയാലേ വാസയോഗ്യമാകുകയുള്ളൂ.

29,000 ചതുരശ്ര അടി സ്ഥലത്ത് സ്ഥിതിചെയ്യുന്ന വീട് ലേലത്തിൽ എടുക്കാൻ മറ്റാരും മുന്നോട്ടുവന്നിരുന്നില്ല.

ലേലത്തിൽ എടുത്ത അജയ് ശ്രീവാസ്തവയെ 2001-ൽ ദാവൂദിന്റെ കൂട്ടാളി ഛോട്ടാ ഷക്കീൽ ഭീഷണിപ്പെടുത്തിയിരുന്നു. കെട്ടിടം നിൽക്കുന്ന സ്ഥലം കൂടാതെ 27,000 ചതുരശ്ര അടി സ്ഥലം വേറെയുമുണ്ട്. അൽഫോൻസോ മാങ്ങ കൃഷിചെയ്യുന്ന സ്ഥലമായിരുന്നു ഇത്.

ദാവൂദിന്റെ മറ്റൊരു വസ്തുവും അദ്ദേഹം ലേലത്തിൽ എടുത്തിരുന്നു. ഈ വസ്തു കൈമാറാനുള്ള കോടതി ഉത്തരവ് ദാവൂദിന്റെ സഹോദരി ഹസീനാ പാർക്കർക്ക് അദ്ദേഹം നേരിട്ടാണ് കൊടുത്തത്.