കല്യാൺ : നാടോടി വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംവരണം റദ്ദാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ ഇന്നലെ കല്യാൺ തഹസിൽദാർ ഓഫീസിനുമുന്നിൽ ബി.ജെ.പി.യുടെ ആഭിമുഖ്യത്തിൽ ധർണനടത്തി. നാടോടി വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്ഥാനക്കയറ്റത്തിലെ സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കഴിഞ്ഞമാസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

അതിൽ നാടോടിവിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റത്തിൽ സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്ന്‌ സർക്കാർ സൂചിപ്പിച്ചിട്ടുള്ളതായി ബി.ജെ.പി. ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഈ സത്യവാങ്മൂലം നാടോടി വിഭാഗക്കാരെ അവഗണിക്കുന്നതും വേദനിപ്പിക്കുന്നതുമാകയാൽ അതിൽ പ്രതിഷേധിച്ചാണ് സർക്കാരിനെതിരെ ധർണ സംഘടിപ്പിച്ചതെന്ന് ബി.ജെ.പി.യുടെ കല്യാൺ എം.എൽ.എ. ഗൺപത് ഗായക് വാഡ് പറഞ്ഞു. വർഷാവർഷം ഡോ. ബാബാസാഹേബ് അംബേദ്‌കറിന്റെ പേരിൽ വോട്ട് ചോദിച്ചെത്തുന്ന അതേ സർക്കാർ അദ്ദേഹത്തിന്റെ തന്നെ സമുദായത്തിൽപ്പെട്ടവരെ ഇങ്ങനെ വഞ്ചിച്ചുവരികയാണെന്ന് ഗായക് വാഡ് ആരോപിച്ചു.

നാടോടി വിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമുള്ള സംവരണം റദ്ദാക്കാനുള്ള നീക്കങ്ങൾ പിൻവലിച്ച് സർക്കാർ അവർക്ക് നീതി ലഭ്യമാക്കണമെന്ന് കല്യാൺ തഹസിൽദാർക്ക് നൽകിയ നിവേദനത്തിൽ ബി.ജെ.പി. ആവശ്യപ്പെട്ടു. ബി.ജെ.പി. ജില്ലാധ്യക്ഷൻ ശശികാന്ത് കാംബ്ലെ, ബി.ജെ.പി.യുടെ തന്നെ നാടോടിവിഭാഗം ആഘാഡി കല്യാൺ ജില്ലാധ്യക്ഷൻ വിഷ്ണു സാംഗ്‌ലെ എന്നിവരും ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.