മുംബൈ : സി.ബി.ഐ. മുതൽ നർക്കോട്ടിക്സ്‌ കൺട്രോൾ ബ്യൂറോയെ (എൻ.സി.ബി) വരെ കേന്ദ്രസർക്കാർ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ എൻ.സി.പി. അഖിലേന്ത്യാ അധ്യക്ഷൻ ശരദ്‌ പവാർ ആരോപിച്ചു. മുംബൈയിൽ പാർട്ടി ആസ്ഥാനത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ പവാർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ വീണ്ടും രംഗത്തുവന്നത്‌.

ആദായനികുതിവകുപ്പിനെയും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെയും (ഇ.ഡി) ഉപയോഗിച്ച്‌ ചിലയിടങ്ങളിൽ തുടരെ റെയ്‌ഡ്‌ നടത്തുന്നതിന്റെ പിന്നിൽ കേന്ദ്രത്തിന്റെ ഗൂഢലക്ഷ്യം സംശയിക്കാം. മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽദേശ്‌മുഖിന്റെ വസതിയിൽ സി.ബി.ഐ. അഞ്ച്‌ തവണ റെയ്‌ഡ്‌ നടത്തിയത്‌ എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ലെന്നും പവാർ പറഞ്ഞു. എൻ.സി.ബി. ആഡംബരക്കപ്പലിൽ റെയ്‌ഡ്‌ നടത്തി അറസ്റ്റ്‌ നടത്തിയത്‌ വലിയകാര്യം ചെയ്യുന്നെന്ന തോന്നൽ ഉണ്ടാക്കുന്നതിനു വേണ്ടിയാണെന്നും പവാർ കുറ്റപ്പെടുത്തി.

എൻ.സി.ബി.യെക്കാൾ മികച്ച നിലയിലാണ്‌ മഹാരാഷ്ട്ര പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗമായ ആന്റി നർക്കോട്ടിക്സ്‌ സെൽ (എ.എൻ.സി) പ്രവർത്തിക്കുന്നത്. എൻ.സി.ബി. റെയ്‌ഡ്‌ ചെയ്ത്‌ പിടിച്ചെടുത്ത മയക്കുമരുന്നുശേഖരത്തെക്കാൾ കൂടുതൽ എ.എൻ.സി. പിടിച്ചെടുത്തിട്ടുണ്ട്‌. ആര്യൻഖാൻ കേസിൽ, പോലീസ്‌ തിരയുന്ന വ്യക്തിയായ കെ.പി. ഗോസാവിയെ സാക്ഷിയായതുതന്നെ സംശയാസ്പദമാണെന്നും പവാർ പറഞ്ഞു.