മുംബൈ : സാമ്പത്തിക പ്രശ്നംമൂലം ആത്മഹത്യ ചെയ്യുന്ന എം.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ എണ്ണംകൂടുന്നു. കഴിഞ്ഞദിവസവും ഒരുഡ്രൈവർ ആത്മഹത്യചെയ്തു.

ബീഡ് ഡിപ്പോയിൽ ജോലി ചെയ്യുന്ന തുക്കാറാം സനപ് ആണ് ആത്മഹത്യ ചെയ്തത്. ഇതോടെ ട്രാൻസ്പോർട്ട് കോർപ്പറേഷൻഡ്രൈവർമാരിൽ ആത്മഹത്യ ചെയ്യുന്ന 23-മത്തെ ആളായി ഇദ്ദേഹം. ശമ്പളം വൈകുന്നതാണ് ഇത്തരത്തിൽ ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതെന്നാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്.

മാസം വൈദ്യുതി ബില്ല് അടയ്ക്കാനുള്ള പണം പോലു സനപിന്റെ കൈവശമുണ്ടായിരുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. 'സനപിന്റെ വീട്ടിൽ വൈദ്യുതി ലൈൻ ബന്ധം വേർപെടുത്തിയിട്ട് ദിവസങ്ങളായി.

കോവിഡ് തുടങ്ങിയതിൽ പിന്നെ ശമ്പളം വൈകുന്നത് നിത്യ സംഭവമാണ്. ജൂലായ് മാസത്തിൽ ലഭിക്കേണ്ട ശമ്പളമാണ് സെപ്റ്റംബറിൽ ലഭിച്ചത്. എല്ലാ മാസവുമുള്ള പല പണമടവുകളും തെറ്റി. അതിനാൽ പിഴ നൽകേണ്ട അവസ്ഥയായി. ശമ്പള വർദ്ധന അവസാനമുണ്ടായത് 2016-ൽ ആണ്. വീട്ടുവാടക അലവൻസും മറ്റു ജീവനക്കാരേക്കാൾ കുറവാണ് ഇവിടെ.''- തൊഴിലാളി യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.