മുംബൈ : നഗരത്തിലെ പ്രശസ്ത മുറുക്കാൻകടയായ മുച്ഛഡ് പാൻവാലയുടെ ഉടമസ്ഥരിലൊരാളായ രാംകുമാർ തിവാരിയെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്റ്റുചെയ്തു. ഇയാളിൽനിന്ന് നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ കണ്ടെടുത്തതായി എൻ.സി.ബി. അറിയിച്ചു.
മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബ്രിട്ടീഷ് പൗരൻ കരൺ സജ്‌നാനിയിൽനിന്നു കിട്ടിയ വിവരമനുസരിച്ച് മുച്ഛഡ് പാൻവാലയുടെ പ്രധാന നടത്തിപ്പുകാരനായ ജയ്ശങ്കർ തിവാരിയെ എൻ.സി.ബി. തിങ്കളാഴ്ച വൈകീട്ട് ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തെ വിട്ടയച്ചശേഷമാണ് ചൊവ്വാഴ്ച രാവിലെ സഹോദരൻ രാംകുമാർ തിവാരിയെ അറസ്റ്റുചെയ്തത്. മുംബൈയിലെ കോടതി തിവാരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഉത്തർപ്രദേശിലെ അലഹാബാദിൽ നിന്നെത്തിയ ശ്യാംചരൺ തിവാരി സൗത്ത് മുംബൈയിൽ മലബാർ ഹിൽസിലെ കെംപ്‌സ് കോർണറിൽ തുടങ്ങിയ മുറുക്കാൻകട കലാരംഗത്തെയും വ്യാപാരരംഗത്തെയും പല താരങ്ങളുടെയും പ്രിയസങ്കേതമാണ്.
ശ്യാംചരൺ തിവാരിയുടെ മകൻ ജയ്ശങ്കർ തിവാരിയും സഹോദരൻമാരും കൊച്ചുമക്കളുമാണ് ഇപ്പോഴതിന്റെ നടത്തിപ്പുകാർ. മുച്ഛഡ് പാൻവാലയെന്നാണ് ഇവരെല്ലാം അറിയപ്പെടുന്നത്.
ബാന്ദ്രയിലും മുംബൈയിലും നടത്തിയ തിരച്ചിലിൽ 200 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിനു പിന്നാലെയാണ് കരൺ സജ്‌നാനിയെയും വ്യാപാരപങ്കാളിയായിരുന്ന രാഹില ഫർണിച്ചർവാലയെയും സഹോദരി ഷയിസ്തയെയും എൻ.സി.ബി. ശനിയാഴ്ച അറസ്റ്റു ചെയ്തത്. വിദേശത്തുനിന്നും ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നും എത്തിക്കുന്ന കഞ്ചാവ് സംസ്കരിച്ച് വിതരണംചെയ്യുന്ന വൻശൃംഖലയുടെ ഭാഗമാണ് കരൺ എന്നാണ് എൻ.സി.ബി. പറയുന്നത്. നഗരത്തിലെ പല പ്രശസ്ത വ്യക്തികൾക്കും മയക്കുമരുന്ന് വിതരണംചെയ്യുന്നത് കരൺ ആണെന്ന് എൻ.സി.ബി. പറയുന്നു.
മുച്ഛഡ് പാൻവാല ഉടമകളും ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിവാരിയെ അറസ്റ്റുചെയ്തത്.