മുംബൈ : മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി. നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ പീഡന പരാതിയുമായി ഗായിക രേണുശർമ. ബോളിവുഡിൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മന്ത്രി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് അവർ ഓഷിവാര പോലീസിൽ പരാതി നൽകി.
പോലീസ് ആദ്യം പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും അവർ ആരോപിച്ചു. എന്നാൽ തനിക്കെതിരേ രേണുശർമ ഉന്നയിച്ചിട്ടുള്ള ആരോപണം മന്ത്രി നിഷേധിച്ചു. രേണു ശർമയുടെ മൂത്തസഹോദരി കരുണ ശർമയുമായി തനിക്ക് 2003 മുതൽ ബന്ധമുണ്ടെന്നും ഒരാൺകുട്ടിയും പെൺകുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാർക്കും അറിയാമെന്നും അവർ ഈ ബന്ധം അംഗീകരിച്ചിട്ടുള്ളതാണന്നും മന്ത്രി ഫെയ്സ്ബുക്ക് മുഖേന നൽകിയ വിശദീകരണത്തിൽ പറയുന്നു. സ്‌കൂളിൽ കുട്ടികളെ ചേർത്തപ്പോൾ പിതാവിന്റെ പേര് തന്റെതാണ് നൽകിയിരിക്കുന്നത്.
കരുണ ശർമയുടെ സഹോദരി എന്ന നിലയിൽ രേണുവിനെ താൻ സഹായിച്ചിട്ടുണ്ട്. അവരുടെ സഹോദരന് ബിസിനസ് നടത്താനും സഹായം നൽകിയിരുന്നു.
എന്നാൽ 2019 മുതൽ കരുണയും രേണുവും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ കേസ് നൽകിയിട്ടുണ്ടെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.