മുംബൈ : ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയുള്ള കേസിൽ കുറ്റപത്രത്തിന്മേൽ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി അപേക്ഷ നൽകി. 12-ന് ചൊവ്വാഴ്ച കേസ് പരിഗണിച്ച ദിൻദോഷി കോടതിയിലാണ് അപേക്ഷ നൽകിയത്. പരാതിക്കാരിയുടെ മറുപടി 15-നകം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും ഇൗമാസം 15-ന് പരിഗണിക്കും. പരാതിക്കാരിയുടെ മറുപടി ലഭിച്ചാൽ വിചാരണ നീട്ടണമെന്നുള്ള ബിനോയിയുടെ അപേക്ഷയിൽ കോടതി തീരുമാനമെടുക്കും.
ജസ്റ്റിസ് എസ്.എസ്. സാവന്തിന്റെ െബഞ്ചിലാണ് കേസ് നടക്കുന്നത്. വിദേശത്താണെന്നും അതിനാൽ വിചാരണ നീട്ടണമെന്നുമാണ് ബിനോയ് ദിൻദോഷി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 21-ന് വിചാരണ ആരംഭിക്കുമ്പോൾ തനിക്ക് കോടതിയിൽ എത്താൻ പ്രയാസമുണ്ടെന്നും അതിനാൽ ഫെബ്രുവരി അവസാനം വരെ വിചാരണ നീട്ടിവെക്കണമെന്നുംആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ബിനോയ് കോടിയേരിയുടെ അടവാണിതെന്നും ഇക്കാര്യം കോടതിയിൽ ചോദ്യം ചെയ്യുമെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ പറഞ്ഞു. തന്റെ കുഞ്ഞിന് നീതി ലഭിക്കണമെന്നും അതിനുവേണ്ടിയുള്ള നിയമപോരാട്ടം തുടരുമെന്നും പരാതിക്കാരിയും ബിഹാർ സ്വദേശിയുമായ യുവതി പറഞ്ഞു.
യുവതി നൽകിയ ബലാത്സംഗ കേസിൽ 2020 ഡിസംബർ 15-നാണ് മുംബൈ പോലീസ് ബിനോയ്ക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ബിനോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ദിൻദോഷി കോടതിയിൽ വിചാരണ ആരംഭിക്കുന്നതോടെ ഡി.എൻ.എ. പരിശോധനാഫലവുമായി ബന്ധപ്പെട്ട കാര്യവും ഉന്നയിക്കും.