മുംബൈ : ഹൈടെക്ക് വിദ്യ കോപ്പിയടിക്ക് ഉപയോഗിച്ചയാളാണ് സമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം. മുംബൈ പോലീസ് പരീക്ഷ കഴിത്തെത്തിയ യുവാവ് ചെവിയിൽനിന്ന് മൈക്രോ ചിപ്പ് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വൈറലായി. തുടർന്ന് പരീക്ഷയ്ക്ക് കോപ്പിയടിച്ച പ്രതാപ് സിങിനെ(24) പോലീസ് അറസ്റ്റു ചെയ്തു.

മഹാരാഷ്ട്ര പോലീസ് മേധാവി സഞ്ചയ് പാണ്ഡെയടക്കമുള്ളവർ ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷകളിൽ കോപ്പിയടി തടയാൻ തുടർച്ചയായി പോലീസ് വകുപ്പ് നടപടി എടുക്കുന്നതിനിടയിലാണ് യുവാവ് പോലീസ് പരീക്ഷയ്ക്ക് ഇത്തരമൊരു കോപ്പിയടി മാർഗം സ്വീകരിച്ചതെന്നതാണ് പ്രത്യേകത.

ചെവിയിൽ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചാണ് പ്രതാപ് സിങ് കോപ്പിയടിച്ചത്. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം. പരീക്ഷ തുടങ്ങുന്നതിന് മുൻപ് തന്നെ ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇയാൾ രണ്ടു തവണ ശുചിമുറിയിലും പോയി.

ഇതോടെ സംശയം തോന്നിയ അധ്യാപകർ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് മൈക്രോചിപ്പ് കണ്ടെത്തിയത്. ഫോണിൽക്കൂടി ഇയാൾക്ക് ഉത്തരം പറഞ്ഞുകൊടുക്കാൻ ശ്രമിച്ച ആളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.