പുണെ: പുണെയിലെ സ്വകാര്യ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ തൊഴിലാളികൾ മരിച്ച സംഭവത്തിൽ എസ്‌.വി.‌എസ്. അക്വാ ടെക്നോളജീസ് ഉടമകളിൽ ഒരാളായ നികുഞ്ച് ഷായെ(39) പുണെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇയാളുടെ പിതാവ് ബിപിൻ ഷാ, സഹോദരൻ കെയൂർ ഷാ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റു ചെയ്തിട്ടില്ല. ഇവർ രണ്ടുപേരും വിദേശത്താണ്. കളക്ടർ നിയോഗിച്ച അന്വേഷണസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉടമകൾക്കെതിരേ കേസെടുത്തതെന്നും കമ്പനിയുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായി എന്ന് കണ്ടെത്തിയതിനാലാണ് ഷായെ അറസ്റ്റ് ചെയ്തതെന്നും പുണെ റൂറൽ പോലീസ് സൂപ്രണ്ട് അഭിനവ് ദേശ്‌മുഖ് പറഞ്ഞു.

ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനാണ് ഫാക്ടറിക്ക് ലൈസൻസ് ഉണ്ടായിരുന്നത്. എന്നാൽ ഫാക്ടറിയിൽ പുറത്തുനിന്നു കൊണ്ടുവരുന്ന വലിയ ബാരലുകളിലുള്ള സാനിറ്റൈസർ ചെറിയ കുപ്പികളിൽ നിറയ്ക്കുന്ന ജോലിയാണ് നടന്നിരുന്നത്. അനുമതിയില്ലാതെയായിരുന്നു കമ്പനിയിൽ ഈ പ്രവർത്തനം നടന്നിരുന്നത്. തീപ്പിടിത്ത സമയത്ത് 500 മില്ലി ലിറ്റർ സാനിറ്റൈസറിന്റെ 40,000 കുപ്പികളുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാക്കിങ് മെഷീനിൽനിന്ന് തീ പടർന്നുവെന്നാണ് അഗ്നിശമന വകുപ്പ് വിദഗ്ധരുടെ നിരീക്ഷണം. സാനിറ്റൈസർ, കത്തുന്ന മറ്റു രാസവസ്തുക്കൾ എന്നിവയിലേക്ക് തീ പടർന്നതാണ് തീപ്പിടിത്തം ഇത്രയും ശക്തമാകാൻ കാരണമായത്.

സബ് ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കമ്പനി ഉടമകളുടെ ഭാഗത്തുനിന്നുണ്ടായ നിയമ ലംഘനങ്ങളും ക്രമക്കേടുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.