കല്യാൺ : കല്യാൺ-ഡോംബിവിലി പ്രദേശത്ത് 2005-ലെ പോലെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികാരികളുടെ മുന്നറിയിപ്പ്. 2005 ജൂലായ് 25 മുതൽ മൂന്നുദിവസം തുടർച്ചയായി മഴ പെയ്തതിനാൽ ഈ പ്രദേശങ്ങളാകെ വെള്ളത്തിനടിയിലായിരുന്നു. ചിലയിടങ്ങളിൽ കെട്ടിടങ്ങളുടെ ഒന്നാംനില വരെ വെള്ളമെത്തി.

അടുത്ത രണ്ടുദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രദേശത്ത് വെള്ളം പൊങ്ങാൻ സാധ്യതയുണ്ടെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികാരികൾ പറയുന്നത്. വെള്ളിയാഴ്ച വരെ ജനങ്ങളോട് കരുതിയിരിക്കാനാണ് മുന്നറിയിപ്പ്. ബുധനാഴ്ച ഡോംബിവിലി സ്റ്റേഷൻ പരിസരത്തും ഈസ്റ്റ്, വെസ്റ്റ് ഭാഗത്ത് പലയിടത്തും വെള്ളം കയറിയിരുന്നു. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ വ്യാഴാഴ്ച കല്യാൺ-ഡോംബിവിലി പ്രദേശത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പുണ്ടായിരിക്കുന്നതല്ലെന്നും അധികാരികൾ അറിയിച്ചു..

നഗരത്തിൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വീണ്ടും മഴ കനക്കുമെന്നും പ്രവചനമുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് കൺട്രോൾ റൂമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി. മുംബൈ മേയർ കിഷോരി പെഡ്‌നേക്കറും മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ ഇഖ്ബാൽ ചഹലും നഗരത്തിൽ വെള്ളം കയറിയ പലയിടങ്ങളും സന്ദർശിച്ചു.

അപകടനിലയിലുള്ള കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി

ഉല്ലാസ്‌നഗർ : ഉല്ലാസ്‌നഗർ നഗരസഭാ മേഖലയിൽ 505 അപകടനിലയിലുള്ള കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി. ഉല്ലാസ്‌നഗറിൽ കഴിഞ്ഞ മാസം 14-നും 28-നും ക്യാമ്പ് ഒന്നിലെ മോഹിനി പാലസ്, ക്യാമ്പ് രണ്ടിലെ സായ് ശക്തി എന്നീ രണ്ടു കെട്ടിടങ്ങളുടെ സ്ലാബ് തകർന്നുവീണ് പന്ത്രണ്ടുപേർ മരിക്കുകയും അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1994-98 കാലങ്ങളിൽ താണതരം മണൽ ഉപയോഗിച്ചും അതുപോലെതന്നെ അനധികൃത നിർമിതികൾക്കെതിരേ നടന്ന നടപടികളുടെ ഭാഗമായി നഗരസഭാ അധികൃതർ പൊളിച്ചുമാറ്റിയ ഭാഗങ്ങൾ വീണ്ടും ഉയർത്തി ആൾക്കാരെ താമസിപ്പിച്ചു വന്നിരുന്നതുമായ കെട്ടിടങ്ങളിലാണ് ദുരന്തമുണ്ടായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ വാർഡ് തലത്തിൽ അത്തരം കെട്ടിടങ്ങളുടെ സർവേ നടത്താൻ നിയുക്തരായ നഗരസഭാ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഉല്ലാസ്‌നഗർ നഗരസഭാ കമ്മിഷണർ ഡോ. യുവരാജ് ഭദാണെ 505 അപകട കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ആ കെട്ടിടങ്ങളുടെ സ്ട്രക്ചറൽ ഓഡിറ്റ് നടത്താൻ നോട്ടീസ് നൽകിയതായി അഡിഷണൽ കമ്മിഷണർ ജൂയീകർ അറിയിച്ചു. ഇങ്ങനെ നോട്ടീസ് ലഭിച്ച കെട്ടിടങ്ങളിലെല്ലാം നൂറുകണക്കിന് കുടുംബങ്ങളാണ് തങ്ങളുടെ ജീവൻ പണയം വെച്ച് താമസിച്ചുവരുന്നത്.