മുംബൈ : തനിക്കെതിരായ സി.ബി.ഐ. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും ഈ കേസിലെ എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാറരും നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി ജൂൺ പത്തിന് വാദം കേൾക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിൽനിന്ന് ചില രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കത്തിൽ 11 വരെ തുടർനടപടിയുണ്ടാകില്ലെന്ന് ചൊവ്വാഴ്ച സി.ബി.ഐ. ഹൈക്കോടതിയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

ദേശ്മുഖിനെതിരായ എഫ്.ഐ.ആറിലെ ചില ഭാഗങ്ങൾ മഹാരാഷ്ട്ര സർക്കാരിന്റെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നും അവ റദ്ദാക്കണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ഹർജിയിലെ ആവശ്യം. ദേശ്മുഖിനെതിരായ അന്വേഷണത്തിന്റെ മറവിൽ സംസ്ഥാന സർക്കാരിനെതിരേ അന്വേഷണം നടത്താനാണ് സി.ബി.ഐ. ശ്രമിക്കുന്നതെന്ന് എഫ്.ഐ.ആറിലെ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ പറയുന്നു. തനിക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കണമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ടാണ് അനിൽ ദേശ്മുഖ് കോടതിയെ സമീപിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൽനിന്ന് ചില രേഖകൾ സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. പോലീസിലെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഉന്നതതല ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുൻ ഇന്റലിജൻസ് കമ്മിഷണർ രശ്മി ശുക്ല സംസ്ഥാനസർക്കാരിനു നൽകിയ കത്തും രേഖകളുമാണ് അതിൽ പ്രധാനം. ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരേ മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സി.ബി.ഐ.ക്ക് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളതെന്നും പോലീസിലെ നിയമനത്തെക്കുറിച്ചോ സ്ഥലംമാറ്റത്തെക്കുറിച്ചോ അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് ഈ രേഖകൾ നൽകാനാവില്ലെന്നുമാണ് സർക്കാർ നിലപാട്.

സംസ്ഥാനസർക്കാർ നൽകിയ ഹർജി ജസ്റ്റിസ് എസ്.എസ്. ഷിന്ദേയും എൻ.ജെ. ജമാദാറും അടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിച്ചെങ്കിലും ദേശ്മുഖിന്റെ ഹർജിക്കൊപ്പം വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു. പുതിയ ബെഞ്ച് ഹർജി പരിഗണിക്കുന്നതുവരെ സംസ്ഥാനസർക്കാരിൽനിന്ന്‌ രേഖകൾ ആവശ്യപ്പെടരുതെന്ന് അവധിക്കാല ബെഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം ജൂൺ 11വരെ പാലിക്കുമെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കുകകയായിരുന്നു.

നഗരത്തിലെ ബാറുകളിൽനിന്നും റെസ്റ്റോറന്റുകളിൽ നിന്നും എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നൽകണമെന്ന് മന്ത്രിയായിരിക്കേ അനിൽ ദേശ്മുഖ് പോലീസുകാരോട് നിർദേശിച്ചിരുന്നെന്ന മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണത്തെക്കുറിച്ചാണ് പ്രധാനമായും സി.ബി.ഐ. അന്വേഷിക്കുന്നത്.