മുംബൈ : സംസ്ഥാനത്ത് ബുധനാഴ്ച 10,989 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 16,379 പേർ ആശുപത്രി വിടുകയും ചെയ്തതോടെ ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 58.63 ലക്ഷവും രോഗമുക്തി നേടിയവരുടെ എണ്ണം 55.97 ലക്ഷവുമായി. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 261 പേരാണ്. ആകെ മരണം 1,01,833 ലേക്കുയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 1,61,864 ആണ്.

മുംബൈയിൽ ബുധനാഴ്ച 788 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 511 പേർ ആശുപത്രി വിടുകയും ചെയ്തു. രോഗമുക്തി നിരക്ക് 95 ശതമാനത്തിൽ തുടരുകയാണ്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 7.13 ലക്ഷവും രോഗമുക്തരുടെ എണ്ണം 6.80 ലക്ഷവുമായി. നിലവിൽ ചികിത്സയിലുള്ളത് 15,947 പേരായി കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 27 പേർ മരിച്ചപ്പോൾ ആകെ മരണം 15,100 ആയി വർധിച്ചു. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 553 ദിവസമായി. നഗരത്തിൽ കൺടെയിൻമെന്റ് സോണുകളുടെ എണ്ണം 28 ആയും സീൽ ചെയ്ത കെട്ടിടങ്ങളുടെ എണ്ണം 62 ആയും കുറഞ്ഞിട്ടുണ്ട്.

ധാരാവിയിൽ പുതുതായി നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് ആറായി ഉയർന്നിരുന്നു. ഇവിടെ ഇതുവരെ രോഗംപിടിപെട്ടവരുടെ എണ്ണം 6,848 ആയി. നിലവിൽ ധാരാവിയിൽ ചികിത്സയിലുള്ളത് 21 പേരാണ്. തൊട്ടടുത്ത പ്രദേശങ്ങളായ ദാദറിൽ 16 പേർക്കും മാഹിമിൽ മൂന്നുപേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കനത്ത മഴ കാരണം താനെയിൽ ഒരറിയിപ്പുണ്ടാകുന്നത് വരെ കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർത്തിവെച്ചതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.