നവി മുംബൈ : ആഗസ്റ്റ് സെപ്‌്റ്റംബർ മാസങ്ങളിൽ കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മെഡിക്കൽ ഓഫീസർമാർക്ക് പരിശീലനം നൽകുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ അളവ് കുറഞ്ഞ് നിരവധി രോഗികളെ ഐ.സി.യു.വിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഇത്തരം അവസ്ഥ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലാണ് മുന്നൂറോളം മെഡിക്കൽ ഓഫീസർമാർക്ക് പരിശീലനം നൽകുന്നതെന്ന് ഡോക്ടർമാർക്കായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെ മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാർ പറഞ്ഞു. പ്രശസ്ത ഡോക്ടറും തീവ്ര പ്രപരിചരണ വിദഗ്ധനുമായ ഡോ. അക്ഷയ് ചല്ലാനിയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

കോവിഡ് ചികിത്സയിൽ അനുശാസിക്കുന്ന പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും ശരിയായ സമയത്ത് ശരിയായ മരുന്നുകൾ രോഗികൾക്ക് നൽകണമെന്നും മറ്റ് അസുഖങ്ങളുള്ളവർക്ക് പ്രത്യേകിച്ച് കോവിഡ് മുക്തരായവർക്ക് സ്റ്റിറോയിഡുകൾ നൽകുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് വെബിനാറിൽ ഡോ. ചല്ലാനി മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.

മൂന്നാം തരംഗം കൂടുതലായും കുട്ടികളെയാണ് ബാധിക്കുക എന്ന മുന്നറിയിപ്പിനെത്തുടർന്ന് കുട്ടികളുടെ പരിചരണത്തിൽ നഴ്‌സുമാർക്കും പ്രത്യേക പരിശീലനം നൽകുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.