മുംബൈ : എറണാകുളം പറവൂർ പുത്തൻവേലിക്കരയിൽനിന്ന് ലേ-ലഡാക്കിലേക്ക് ആറു ചെറുപ്പക്കാരുടെ സാഹസിക സൈക്കിൾ യാത്രയ്ക്ക് താനെ മലയാളിസംഘടനകളുടെ ആഭിമുഖ്യത്തിൽ താനെ വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗറിൽ അയ്യപ്പക്ഷേത്രത്തിന് താഴെയുള്ള ചൗക്കിൽ ഞായറാഴ്ച രാവിലെ 9.30-ന് സ്വീകരണം നൽകും. താനെ മേയർ നരേഷ് മസ്‌കെ, കോർപ്പറേറ്റർമാരായ രാം രപ്പാലെ, സർദാർ ഗുരു മുഖ്‌സിങ്, മനോജ് ഷിന്ദേ എന്നിവർ യാത്രയ്ക്ക് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് സംഘാടകരായ ശ്രീകാന്ത് നായർ, മനോജ് ജോസഫ് എന്നിവർ അറിയിച്ചു. ഫോൺ: 8291655565, 9324070979.
ഡിസംബർ 17-നാണ് സംഘം യാത്ര തിരിച്ചത്. 40 ദിവസംകൊണ്ട് 4000 കിലോമീറ്റർ യാത്രചെയ്ത് ലഡാക്കിലെത്തും. 18-നും 30-നുമിടയ്ക്ക് പ്രായമുള്ളവരാണ് സംഘാംഗങ്ങൾ. അന്നം തരുന്ന കർഷകരോടുള്ള ആദരവാണ് യാത്രയ്ക്ക് പ്രചോദനം. രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിൽ വിശ്രമിച്ച് ശുദ്ധവായു, ശുദ്ധജലം, നോ ഫാർമേഴ്സ് നോ ഫുഡ് മദ്രാവാക്യം പ്രചരിപ്പിക്കുകയാണ് സൈക്കിൾ യാത്രയുടെ ഉദ്ദേശ്യമെന്ന് സംഘം അറിയിച്ചു. മുംബൈ, ഗുജറാത്ത്, ഡൽഹി, ഷിംല, മണാലി വഴി സംഘം ലഡാക്കിലെത്തും. സമരംചെയ്യുന്ന കർഷകരെ ഡൽഹിയിൽ സന്ദർശിക്കാനും സംഘത്തിന് പദ്ധതിയുണ്ട്.
പുണെയിലെ സ്വീകരണത്തിനുശേഷം യാത്രാസംഘം ശനിയാഴ്ച രാത്രിയോടെയാണ് താനെയിലെ ശ്രീനഗറിൽ എത്തിയത്. സൈക്കിൾ ചാമ്പ്യനും സ്പോർട്‌സ് താരവുമായ ആദിർ ഷിബുവും അഭിഷേക് ഉണ്ണിയും നയിക്കുന്ന സംഘത്തിൽ എൽവിസ്, റിജോയ്, ജസ് ലിൻ, ജിസ്‌മോൻ എന്നിവരുണ്ട്.