ന്യൂഡൽഹി: നഗരത്തിൽ ഹരിതപടക്കങ്ങൾമാത്രമേ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡൽഹി പോലീസിനും നിർദേശം നൽകി. ലൈസൻസുള്ള വിതരണക്കാരെ മാത്രമേ ഇതിന് അനുവദിക്കാൻ പാടുള്ളൂവെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായി വെള്ളിയാഴ്ച പറഞ്ഞു. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പടക്കത്തിന്റെ വിഷയത്തിൽ സർക്കാർ വീണ്ടും ഇടപെട്ടത്.
ദീപാവലി, ഗുരുപർബ് തുടങ്ങിയ ആഘോഷവേളയിൽ നഗരത്തിൽ വൻതോതിൽ പടക്കം പൊട്ടിക്കുന്നത് പതിവാണ്. രൂക്ഷമായ വായുമലിനീകരണത്തിനും ഇത് വഴിയൊരുക്കും. ദീപാവലി, ഗുരുപർബ് തുടങ്ങിയ ആഘോഷങ്ങളിൽ രാത്രി എട്ടുമുതൽ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂ. ക്രിസ്മസ്, പുതുവത്സരം എന്നീ വേളകളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയാണ് സമയം. ലൈസൻസുള്ള കച്ചവടക്കാർ മാത്രമേ പടക്കങ്ങൾ വിൽക്കാൻ പാടുള്ളൂ. ഓൺലൈൻ വെബ്‌സൈറ്റുകൾക്ക് പടക്കവിൽപ്പന നടത്താൻ അനുവാദമില്ലെന്നും ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (ഡി.പി.സി.സി.) ഇറക്കിയ ഉത്തരവിൽ പറയുന്നു.
നിർദേശങ്ങൾ പാലിക്കണമെന്നും ഡി.പി.സി.സി.ക്ക് പ്രതിദിന റിപ്പോർട്ട് സമർപ്പിക്കണമെന്നും എല്ലാ ജില്ലാ മജിസ്‌ടേറ്റുമാരോടും ഡെപ്യൂട്ടി കമ്മിഷണർമാരോടും സർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് റായി പറഞ്ഞു. പടക്കംപൊട്ടിക്കലിനെതിരേ നവംബർ മൂന്നുമുതൽ സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ കാമ്പയിൻ ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡി.പി.സി.സി.യുടെ 11 പ്രത്യേക സംഘങ്ങളും പോലീസും ചേർന്ന് നഗരത്തിലെ പടക്കനിർമാണകേന്ദ്രങ്ങളിൽ പരിശോധന നടത്തും.
വായുമലിനീകരണം നിയന്ത്രിക്കാൻവേണ്ടി പരമ്പരാഗത പടക്കങ്ങളുടെ ഉപയോഗം 2018-ൽ സുപ്രീംകോടതി നിരോധിച്ചിരുന്നു. പകരം ഹരിതപടക്കങ്ങൾക്കാണ് കോടതി അനുമതി നൽകിയത്. ഹരിതപടക്കങ്ങൾ പരമ്പരാഗതപടക്കങ്ങളെപ്പോലെ മലിനീകരണമുണ്ടാക്കുന്നില്ലെന്നും സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയ ഘടകങ്ങൾ ഇവയിൽ 30 ശതമാനം കുറവാണെന്നും വിദഗ്ധർ പറയുന്നു.
ദേശീയ പരിസ്ഥിതി എൻജിനിയറിങ് ഗവേഷണസ്ഥാപനത്തിനാണ് ഹരിതപടക്കങ്ങൾ വികസിപ്പിക്കുന്ന ചുമതല. എന്നാൽ, ലൈസൻസ് സംബന്ധിച്ച പ്രശ്‌നങ്ങൾ കാരണം വളരെ കുറച്ചുതരം പടക്കങ്ങൾമാത്രമേ കഴിഞ്ഞവർഷം മാർക്കറ്റിൽ ലഭ്യമായിരുന്നുള്ളൂ.