മുംബൈ : കോവിഡ് പ്രതിരോധത്തിനുള്ള മൂന്നാംഘട്ട വാക്സിനേഷനിൽ 35 വയസ്സുകഴിഞ്ഞവർക്കും മറ്റുരോഗങ്ങളുള്ളവർക്കും മുൻഗണന നൽകാൻ മഹാരാഷ്ട്ര ആലോചിക്കുന്നു. വാക്സിൻക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് പ്രായംകുറഞ്ഞവരെ മാറ്റിനിർത്തുന്നത്.

മേയ് ഒന്നിന് തുടങ്ങിയ മൂന്നാംഘട്ട വാക്സിനേഷനിൽ പതിനെട്ടിനും നാൽപ്പത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പു നൽകാനാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. രജിസ്‌ട്രേഷൻ തുടങ്ങിയെങ്കിലും മൂന്നാംഘട്ട വാക്സിനേഷൻ പൂർണമായി തുടങ്ങാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വാക്സിൻക്ഷാമമാണ് കാരണം. മഹാരാഷ്ട്രയിൽ ഒരു ജില്ലയിൽ അഞ്ചുകേന്ദ്രങ്ങളിൽ മാത്രമാണ് ഇപ്പോൾ 18-45 പ്രായപരിധിയിലുള്ളവർക്ക് കുത്തിവെപ്പ് നൽകുന്നത്. ഇതിനായി 3,00,000 ഡോസ് കോവിഷീൽഡ് വാക്സിനും 4,79,000 ഡോസ് കോവാക്സിനും വാങ്ങിയിട്ടുണ്ട്. 18-45 പ്രായപരിധിയിലെ 2,15,284 പേർക്ക് ഇതിനകം വാക്സിൻ നൽകിക്കഴിഞ്ഞു.

വാക്സിൻക്ഷാമം കാരണം കേന്ദ്രങ്ങളുടെ എണ്ണംകുറച്ചത് പലയിടത്തും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. നഗരങ്ങളിലുള്ളവർ നേരത്തേ രജിസ്റ്റർചെയ്ത് ഗ്രാമീണ മേഖലകളിലെത്തുന്നതുകാരണം ഗ്രാമങ്ങളിലുള്ളവർക്ക് അവസരം കിട്ടാത്ത അവസ്ഥയുണ്ട്. ഇതെല്ലാം പരിഗണിച്ച് 35 വയസ്സുകഴിഞ്ഞവർക്കും രോഗികൾക്കും മുൻഗണന നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.

ആദ്യഘട്ടത്തിൽ 35-44 പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ നൽകാനാണ് ആലോചന. കൂടുതൽ മരുന്ന് ലഭ്യമാകുന്നതിനനുസരിച്ച് പ്രായം കുറഞ്ഞവരെയും പരിഗണിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് അന്തിമതീരുമാനമെടക്കുകയെന്ന് മന്ത്രി ടോപ്പെ പറഞ്ഞു.

വാക്സിൻക്ഷാമം പരിഹരിക്കുന്നതിന് വ്യത്യസ്തനിർമാതാക്കളിൽനിന്ന് വാക്സിൻ വാങ്ങാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ സ്പുട്‌നിക് വാക്സിൻ വാങ്ങുന്നതുസംബന്ധിച്ച് ഇതുവികസിപ്പിക്കുന്നതിനു സഹായധനം നൽകിയ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി സംസ്ഥാനം ചർച്ചനടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 18 വയസ്സിനുമുകളിലുള്ളവർക്കു നൽകുന്ന വാക്സിനും സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ വാക്സിനേഷൻകേന്ദ്രങ്ങളിലാണ് സൗജന്യ വാക്സിൻ നൽകുക.

കോവിഡ് പ്രതിരോധകുത്തിവെപ്പിന്റെ മൂന്നാം ഘട്ടത്തിൽ വാക്സിൻ ഇതുവരെയുള്ളതുപോലെ സൗജന്യമായിരിക്കില്ലെന്നും കേന്ദ്രവിഹിതത്തിന് പുറമേയുള്ളത് സംസ്ഥാനസർക്കാരും സ്വകാര്യാശുപത്രികളും മരുന്നുനിർമാതാക്കളിൽനിന്ന് നേരിട്ടുവാങ്ങണമെന്നുമാണ് കേന്ദ്രനിർദേശം.