മുംബൈ : ഏപ്രിൽ ഒന്നിന്‌ ശേഷം മുംബൈയിൽനിന്ന്‌ സ്വദേശങ്ങളിലേക്ക്‌ മടങ്ങിയവർ 32 ലക്ഷം പേർ. ലേബർ കമ്മിഷണർ മഹേന്ദ്ര കല്യാൺകർ അറിയിച്ചതാണിത്‌. ഇവരിൽ 11 ലക്ഷം പേർ യു.പി. യിലേക്കും 4.5 ലക്ഷം പേർ ബിഹാറിലേക്കും മടങ്ങി.

കോവിഡ്‌ വ്യാപനത്തെത്തുടർന്ന്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണ്‌ ഇവരിൽ ഭൂരിഭാഗവും സ്വദേശങ്ങളിലേക്ക്‌ മടങ്ങിയത്‌. അവധിക്കാലമായതിനാൽ നാടുകളിലേക്കുപോയവരും ഇക്കൂട്ടത്തിലുണ്ടെന്ന്‌ തൊഴിൽവകുപ്പ്‌ പറയുന്നു. ഇവരെല്ലാം തീവണ്ടികളിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌ പോയിട്ടുള്ളതിനാൽ ആധികാരിക കണക്കാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏപ്രിലിലെ ലോക്ഡൗൺ കാലത്ത്‌ പ്രത്യേക ട്രെയിനുകളും ബസുകളും അന്യസംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിരുന്നു. അതൊക്കെ സൗജന്യയാത്രകൾ ആയിരുന്നതിനാൽ എത്രപേരാണ്‌ പോയതെന്ന്‌ കൃത്യമായി കണക്കില്ലായിരുന്നുവെന്ന്‌ അവർ പറയുന്നു. തൊഴിൽവകുപ്പിന്റെ കീഴിൽ 38,000 ഫാക്ടറികളാണ്‌ സംസ്ഥാനത്ത്‌ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. ഇതിൽ 60 ശതമാനവും അമ്പത്‌ ശതമാനത്തോളും തൊഴിലാളികളുമായിട്ടാണ്‌ പ്രവർത്തിക്കുന്നത്‌. കെട്ടിടനിർമാണ മേഖലയിൽ 75 ശതമാനത്തോളം പേർ നിർമാണസ്ഥലങ്ങളിൽത്തന്നെ കഴിയുന്നുണ്ട്‌. ഇവരുടെ താമസസൗകര്യം കെട്ടിടനിർമാതാക്കൾ ക്രമീകരിച്ചിട്ടുണ്ട്‌.