പുണെ : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നേരിയ കുറവ് രേഖപ്പെടുത്തുന്ന പുണെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെയാണ്. 9,034 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 9,04,261 ആയി. ജില്ലയിലെ കോവിഡ് ബാധിതരിൽ ഭൂരിഭാഗവും പുണെ മുനിസിപ്പൽ കോർപ്പറേഷനിലാണുള്ളത് .4,41,702 പേർക്കാണ് കോർപ്പറേഷൻ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് .

പിംപ്രി-ചിഞ്ച്‌വാഡ് കോർപ്പറേഷൻ പരിധിയിൽ 2,26,072 പേർക്കും ,പുണെയിലെ ഗ്രാമീണ മേഖലകളിൽ1,76,739 പേർക്കും, നഗര പരിഷത്ത് പ്രദേശങ്ങളിൽ 45,914 പേർക്കും, കന്റോൺമെന്റ് പ്രദേശങ്ങളിൽ 13,834 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . ജില്ലയിൽ ഇതുവരെ 14,113 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.7,89,727 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട് .വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 25,784 രോഗികളും വീടുകളിൽ ചികിത്സയിലുള്ള 74,637 രോഗികളുമടക്കം 1,00,421 സജീവരോഗികളാണ് ജില്ലയിലുള്ളത്. നിലവിൽ ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണ്.

പുണെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഇതുവരെ 7,414 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത് . കോർപ്പറേഷൻ പരിധിയിൽ ഇതുവരെ 3,95,976 പേർ രോഗമുക്തി നേടിയിട്ടുണ്ട് .പുണെ , ഖഡ്കി, ദേഹുറോഡ് കന്റോൺമെന്റ് ഏരിയകളിലും, പുണെയുടെ ഗ്രാമീണമേഖലകളിലും ,നഗര പരിഷത്ത് പ്രദേശങ്ങളിലുമായി 3,441 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത്. ഇതുവരെ 1,93,118 പേർ രോഗമുക്തി നേടിയിട്ടുണ്ട്

പിംപ്രി-ചിഞ്ച്‌വാഡിൽ കഴിഞ്ഞ 14 മാസത്തിനുള്ളിൽ കോവിഡിനെ പരാജയപ്പെടുത്തിയത് രണ്ട് ലക്ഷത്തിലധികം പേരാണ് .2020 മാർച്ച് 10- ന് ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതുമുതൽ ഇതുവരെ 2,00,633 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 90 ശതമാനത്തിനടുത്താണ് രോഗമുക്തി നിരക്ക്. നിലവിൽ ഇത് പുണെ ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്കാണ് .3,258 പേരാണ് ഇതുവരെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത് . പിംപ്രി-ചിഞ്ച്‌വാഡിൽ 22,181 സജീവ രോഗികളാണുള്ളത് . ഇതിൽ 15,293 പേർ വീടുകളിലും വീട്ടിൽ 6,888 പേർ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.

പിംപ്രി-ചിഞ്ച്‌വാഡിൽ ഇതുവരെ 4,21,687 പേർക്ക് വാക്സിൻ നൽകിയതായിആരോഗ്യവകുപ്പ് അറിയിച്ചു. നഗരത്തിൽ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ 15 ലക്ഷം ഡോസ് വാക്സിൻ വാങ്ങാൻ കോർപ്പറേഷൻ തയ്യാറാണെന്ന് മേയർ ഉഷാ ധോരെ പറഞ്ഞു. പിംപ്രി-ചിഞ്ച്‌വാഡിന് വേണ്ടത്ര വാക്സിൻ ഡോസുകൾ ലഭിക്കുന്നില്ലെന്നും അതിനാൽ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷനെ ഇത് ബാധിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി സ്വന്തം ചെലവിൽ വാക്സിൻ ഡോസുകൾ വാങ്ങുന്നതിനുള്ള പ്രമേയം അടുത്തിടെ പാസാക്കിയിട്ടുണ്ടെന്നും ,സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ വാക്സിൻ ഡോസുകൾ നേരിട്ട് വാങ്ങാൻ തയ്യാറാണെന്നും ഉഷാധോരെ പറഞ്ഞു.