മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിന് കാരണക്കാർ കുടിയേറ്റ തൊഴിലാളികളാണെന്ന് മഹാരാഷ്ട്ര നവനിർമാൺസേന അധ്യക്ഷൻ രാജ് താക്കറെ. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഇത്തരത്തിൽ കൊറോണ വൈറസ് സംസ്ഥാനത്ത് അതിവേഗം പടരുന്നതിന് മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കാരണമെന്നുമായിരുന്നു രാജ് താക്കറെ പറഞ്ഞത്.

കുടിയേറ്റ തൊഴിലാളികൾ ഏതുസംസ്ഥാനത്തുനിന്നാണോ ഇവിടേക്ക് എത്തുന്നത് ആ സംസ്ഥാനങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്താൻ മതിയായ സംവിധാനങ്ങൾ ഒരുക്കാത്തതാണ് ഇത്രയേറെ കേസുകൾ വർധിക്കാൻ കാരണമെന്നും താക്കറെ പറഞ്ഞു. മറ്റുസംസ്ഥാനങ്ങളിൽനിന്ന് ധാരാളം തൊഴിലാളികളെ ആകർഷിക്കുന്ന ഇന്ത്യയിലെ ഏക വ്യാവസായിക സംസ്ഥാനമാണ് മഹാരാഷ്ട. ഈ തൊഴിലാളികൾ വരുന്ന സ്ഥലങ്ങളിൽ ഒന്നും ആവശ്യമായ പരിശോധനാസൗകര്യങ്ങൾ ഇല്ലായിരുന്നു.

കഴിഞ്ഞതവണ ലോക്ഡൗൺ സമയത്ത് സ്വന്തം നാടുകളിൽനിന്നും തിരിച്ചെത്തുന്ന തൊഴിലാളികളെ നിർബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ, അത് നടത്തിയില്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയശേഷം രാജ് താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ കായികതാരങ്ങളെ അനുവദിക്കണമെന്നും സാമൂഹിക അകലം പാലിച്ച് ജിംനേഷ്യം പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും രാജ് താക്കറെ പറഞ്ഞു.

തിങ്കളാഴ്ച രാത്രി മുതൽ മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിച്ച താക്കറെ, എല്ലാ കടകളും കുറഞ്ഞത് രണ്ടോ മൂന്നോ ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നും പറഞ്ഞു. ലോക്‌ ഡൗൺ കാലയളവിൽ ജനങ്ങളുടെ വൈദ്യുതിബില്ലുകൾ എഴുതിത്തള്ളണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.