മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ വാഹനത്തിൽ സ്ഫോടക വസ്തുക്കൾവെച്ച സംഭവവും വാഹനയുടമ കൊല്ലപ്പെട്ട സംഭവവും അന്വേഷിക്കുന്ന എൻ.ഐ.എ. സംഘം മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ്ങിന്റെയും ഏറ്റുമുട്ടൽ വിദഗ്ധനായിരുന്ന പ്രദീപ് ശർമയുടെയും മൊഴി രേഖപ്പെടുത്തി. കേസിൽ അറസ്റ്റുചെയ്യപ്പെട്ട അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സച്ചിൻ വാസേയുടെ റിമാൻഡ് എൻ.ഐ.എ. കോടതി ഏപ്രിൽ ഒമ്പതുവരെ നീട്ടിയിട്ടുണ്ട്.

കസ്റ്റഡി മരണക്കേസിൽ അറസ്റ്റുചെയ്യപ്പെട്ട് 17 വർഷത്തോളം സർവീസിൽനിന്ന് പുറത്താക്കപ്പെട്ട സച്ചിൻ വാസേയെ ക്രൈം ഇന്റലിജൻസ് യൂണിറ്റിൽ (സി.ഐ.യു.) നിയമിച്ചത് അന്നത്തെ മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ്ങിന്റെ വാക്കാലുള്ള നിർദേശപ്രകാരമാണ് എന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കേയാണ് എൻ.ഐ.എ. അദ്ദേഹത്തിന്റെ മൊഴിയെടുത്തത്.

വാസേയെ സർവീസിൽ തിരിച്ചെടുത്ത സാഹചര്യത്തെപ്പറ്റിയാണ് പ്രധാനമായും സിങ്ങിനോട് ചോദിച്ചറിഞ്ഞത് എന്നാണ് അറിയുന്നത്. അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ മാത്രമായ വാസേയെ പ്രധാന കേസുകളുടെ ചുമതല ഏൽപ്പിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റിയും എൻ.ഐ.എ. ആരാഞ്ഞു.

ബുധനാഴ്ച മുംബൈയിലെ എൻ.ഐ.എ. ഓഫീസിലെത്തിയാണ് പരംബീർ സിങ് മൊഴി നൽകിയത്. ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സിങ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ വൈകിയതെന്ന് എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു. സിങ്ങിന്റെ ഹർജിയിൽ തിങ്കളാഴ്ച വിധിവന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. വാസേയുടെ അറസ്റ്റിനുപിന്നാലെ മുംബൈ പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട സിങ്ങിന് ഇപ്പോൾ ഹോംഗാർഡിന്റെ ചുമതലയാണുള്ളത്.

പരംബീർ സിങ്ങിന്റെ മൊഴിയെടുത്തതിനുശേഷമാണ് പ്രദീപ് ശർമയെ ചോദ്യംചെയ്തത്. സച്ചിൻ വാസേയ്ക്കും ദയാ നായിക്കിനുമൊപ്പം ഉണ്ടായിരുന്ന മുംബൈ പോലീസിലെ ഏറ്റുമുട്ടൽ വിദഗ്ധനായിരുന്നു പ്രദീപ് ശർമ. സ്ഫോടകവസ്തുക്കൾ വെച്ച സംഭവവുമായും വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട സംഭവവുമായും ശർമയ്ക്കു ബന്ധമുണ്ടോയെന്ന്‌ വ്യക്തമല്ല. ഇവരുടെ ഏറ്റുമുട്ടൽ സംഘത്തിൽ അംഗമായിരുന്ന വിനായക് ഷിന്ദേയെ അറസ്റ്റുചെയ്തിട്ടുണ്ട്. വാസേയുടെ സംഘത്തിലുണ്ടായിരുന്ന റിയാസ് കാസിയെയും ചോദ്യം ചെയ്തിട്ടുണ്ട്. സച്ചിൻ വാസേയെ ബുധനാഴ്ച എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് നീട്ടിയത്. എൻ.ഐ.എ. കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുന്നതിനെ വാസേയുടെ അഭിഭാഷകൻ എതിർത്തില്ല. എൻ.ഐ.എ. കസ്റ്റഡിയിൽവെച്ച് വാസേയെ ചോദ്യംചെയ്യാൻ സി.ബി.ഐ. യ്ക്ക് കോടതി അനുമതി നൽകി.

സച്ചിൻ വാസേയുടെ റിമാൻഡ് നീട്ടി